ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ വിൽക്കില്ല

മൂവാറ്റുപുഴ: ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യത്തിൽ വ്യാപകമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റില്‍ ആന്ധ്രയില്‍നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മീൻ വിൽക്കുന്നതിന് തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ശനിയാഴ്ച വൈകീട്ട് ചേർന്ന ഐസ് ഫിഷ് കമീഷൻ ഏജൻറ്സ് അസോസിയേഷ‍​െൻറ അടിയന്തര യോഗമാണ് തീരുമാനമെടുത്തിരിക്കുന്നത്. ആന്ധ്രയിൽ നിന്നടക്കമുള്ള ആയിരക്കണക്കിന് കിലോ മീനാണ് ദിനേന മാർക്കറ്റിൽ വിൽപന നടത്തിയിരുന്നത്. ഓലക്കുടി, വറ്റ, കേര, ചൂര, റോഹ് തുടങ്ങിയ വലിയ മീനുകളെല്ലാം ആന്ധ്രയില്‍ നിന്നുമാണ് വന്നിരുന്നത്. ട്രോളിങ് നിരോധിച്ചതോടെ ഇവയുടെ വരവ് കൂടുകയും വൻതോതിൽ വില വർധിക്കുകയും ചെയ്തു. ഇതിനിടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് സംസ്ഥാന അതിർത്തിയിൽ പരിശോധന നടത്തി മീനിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയത്. രാസവസ്തുക്കൾ ചേർക്കുന്നുവെന്ന കണ്ടെത്തൽ പരമ്പരാഗത തൊഴിലാളികൾ പിടിക്കുന്ന ചെറിയ മീനുകളുടെ വിൽപനയെയും ബാധിച്ചു. അതിര്‍ത്തി ചെക്ക്‌പോസ്്റ്റുകളില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ് ഭക്ഷ്യയോഗ്യമെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മല്‍സ്യം മാത്രമേ മൂവാറ്റുപുഴ മാർക്കറ്റിൽ വിൽപന നടത്തുകയുള്ളൂവെന്ന് ജില്ല ഐസ്ഫിഷ് കമീഷന്‍ ഏജൻറ്സ് അസോസിയേഷന്‍ അറിയിച്ചു. ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളിലും സമീപ ജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കും ആവശ്യമായ പച്ചമീന്‍ മൂവാറ്റുപുഴ വാഴപ്പിള്ളി മാര്‍ക്കറ്റില്‍ നിന്നുമാണ് ചെറുകിട വ്യാപാരികള്‍ വാങ്ങുന്നത്. ഒരാഴ്ചമുമ്പുവരെ അയല 250-300, മത്തി 150-200, കൊഴുവ 150-200 എന്നിങ്ങനെയായിരുന്നു വില. ശനിയാഴ്ച വാഴപ്പിള്ളി മത്സ്യമാര്‍ക്കറ്റില്‍ മത്തി 40, അയല 60-80, കൊഴുവ 60-70 എന്നിങ്ങനെ വില ഗണ്യമായി ഇടിഞ്ഞു. മത്സ്യ വ്യാപാര മേഖലയില്‍ 80 വര്‍ഷത്തോളം പഴക്കമുള്ള മാര്‍ക്കറ്റാണ് മൂവാറ്റുപുഴയിലേത്. പുലര്‍ച്ച രണ്ടുമുതല്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റില്‍ ദിനം പ്രതി 5000മുതല്‍ 6000 പെട്ടിവരെ മീന്‍ വിൽപന നടത്തുന്നുണ്ട്. നിലവിലെ പ്രതിസന്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം പേരെ കാര്യമായി ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.