മൂവാറ്റുപുഴ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ ദേശീയ സംഘടനയായ പരിവാർ മധ്യമേഖല സമ്മേളനം ഞായറാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നിർമല കോളജ് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡൻറ് ഫിലിപ് സൈമൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ അവസാനം നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്മേളനം നടത്തുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളിൽ വിദ്യാഭ്യാസം നേടുന്നവർക്ക് ഒരു വർഷം സർക്കാർ അനുവദിച്ച 28,500 രൂപയും സ്കൂളിൽ പോകാത്തവർക്ക് 12,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുക, ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റിട്ടാഡേഷൻ, മൾട്ടിപ്പിൾ ഡിസ്ഒാർഡർ എന്നിവ 40 ശതമാനത്തിന് മുകളിലുള്ള കുട്ടികൾക്ക് ചികിത്സ സഹായം ലഭ്യമാക്കൽ, 18 വയസ്സ് പൂർത്തിയായവർക്ക് ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ആശ്വാസ കിരണം പദ്ധതിയിൽ മാസം 650 രൂപ എന്നിവ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. ഇടുക്കി ജില്ലയിലുള്ളവരുടെയും എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, പിറവം, മൂവാറ്റുപുഴ, നിയോജക മണ്ഡലത്തിലുള്ളവരുടെയും ജില്ല സമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് നിർമല കോളജ് ഓഡിറ്റോറിയത്തിൽ ചേരും. നാഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ നിരാമയ ഇൻഷുറൻസ് കാർഡ് സെറിബ്രൽ പാൾസി വിഭാഗത്തിലുള്ള കുട്ടികൾക്ക് വിതരണം ചെയ്യും. ട്രസ്റ്റ് കേരള കോഓഡിനേറ്റർ ഡി. ജേക്കബ് ഉദ്ഘാടനം ചെയ്യും. പരിവാർ ഇടുക്കി ജില്ല പ്രസിഡൻറ് പ്രഫ. ജോസ് അഗസ്റ്റിൻ, കുന്നത്തുനാട് താലൂക്ക് പ്രസിഡൻറ് അംബിക ശശി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.