ജയില്‍ വളപ്പിൽ ജൈവകൃഷി പരീക്ഷണം

കാക്കനാട്: വിശ്രമവേളയില്‍ വെറുതെയിരിക്കാതെ തടവുകാരും ഉദ്യോഗസ്ഥരും കൃഷിയിടത്തിലിറങ്ങിയപ്പോള്‍ വിളഞ്ഞത് നൂറുമേനി. കാക്കനാട് ജില്ല ജയില്‍ വളപ്പിലാണ് ജൈവകൃഷി പരീക്ഷണം ഫലം കണ്ടത്. പൊതുവിപണിയിലെ വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ജയിലിലെ കൗണ്ടറിലൂടെ പച്ചക്കറി വില്‍പനയും തുടങ്ങി. ചീര, കോവല്‍, വാഴ, ചേന, കപ്പ, ചേമ്പ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളുടെയും വിളനിലമായി ജയിലിനകത്തെ ഒരേക്കര്‍ സ്ഥലം. 600 കിലോ കപ്പയാണ് കഴിഞ്ഞദിവസം വിളവെടുത്തത്. ജയിലിനകത്ത് തടവുകാരുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളമാണ് കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടുന്നത്. അടുക്കളയിലെ ജൈവ വളം കൂടിയായതോടെ ജയിലറയില്‍ നൂറുമേനി വിളവെടുപ്പ് നടത്താനായെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കാക്കനാട്ട് മലമുകളില്‍ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളിലാണ് ജില്ല ജയില്‍. കൃഷിക്ക് അനുയോജ്യമായ ഒരു സാഹചര്യവും ഇവിടെയില്ല. മണ്ണ് പരുവപ്പെടുത്തുന്നത് മുതല്‍ കൃഷിയിറക്കുന്നതുവരെ തടവുകാരുടെ കഠിനശ്രമമായിരുന്നു. ജയിലറകളില്‍ കഴിഞ്ഞിരുന്ന തടവുകാര്‍ക്ക് കൃഷിപ്പണി പുത്തനുണർവുണ്ടാക്കിയെന്നാണ് ജയില്‍ സൂപ്രണ്ട് ചന്ദ്രബാബു സാക്ഷ്യപ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.