ലോറി ഡ്രൈവർക്ക് മർദനം; ട്രാഫിക് എസ്.ഐക്കെതിരെ പരാതി

ആലുവ: ലോറി ഡ്രൈവറെ മർദിച്ച ട്രാഫിക് എസ്.ഐക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി. ട്രാഫിക് എസ്.ഐ കെ.ടി.എം. കബീറിനെതിരെ പറവൂർ കവല ഭാഗത്തെ കയറ്റിറക്ക് തൊഴിലാളിയായ വിനു ജോർജാണ് പരാതി നൽകിയത്. ദേശീയപാത പറവൂർ കവലയിൽ ട്രക്ക് ബേയിൽ നിർത്തിയിട്ട കാർഗോ ലോറിയുടെ ചില്ലുടക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്ത എസ്.ഐക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വാഹനത്തിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ എസ്.ഐ വിളിച്ചപ്പോൾ പുറത്തിറങ്ങാൻ വൈകിയെന്ന പേരിലായിരുന്നു മർദനമേത്ര. പുണെ ആസ്ഥാനമായ റെയിൽ റോഡ് ട്രാൻസ്പോർട്സിലെ ഡ്രൈവർ രാജസ്ഥാൻ സ്വദേശി ഹരി രാമിനാണ് മർദനമേറ്റത്. ലോറി പാർക്കിങ് പറ്റില്ലെന്നും മാറ്റണമെന്നുമാവശ്യപ്പെട്ടാണ് ട്രാഫിക് എസ്.ഐ ഡ്രൈവർമാരെ സമീപിച്ചത്. രേഖകളെല്ലാം എസ്.ഐ വാങ്ങിയെടുത്തതായി ഡ്രൈവർ ആരോപിച്ചിരുന്നു. ദേശീയപാതയിൽ ട്രക്കുകൾ പാർക്ക് ചെയ്യാൻ അനുവദിച്ച ഇവിടെ ഏഴുവർഷമായി ലോറികൾ പാർക്ക് ചെയ്യാറുണ്ടെന്ന് ട്രാൻസ്പോർട്ട് ഏജൻസികളിലെ ഡ്രൈവർമാർ പറയുന്നു. ഇവിടെ ദേശീയപാത അധികൃതർ സ്ഥാപിച്ച ട്രക്ക് ബേയെന്ന ദിശാബോർഡും നിലവിലുണ്ട്. സംഭവത്തെ തുടർന്ന് ഭയപ്പാടിലായ ഡ്രൈവർമാർ പരാതി നൽകാതെ നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സംഭവം വിവാദമാകുകയും പരാതി ഉയരുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്.ഐക്കെതിരെ അനേഷണം നടത്താൻ റൂറൽ എസ്.പി ഉത്തരവിട്ടതായി അറിയുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജില്ല സ്പെഷൽ ബ്രാഞ്ചിനോട് അനേഷിച്ച് റിപ്പോർട്ട് നൽകാൻ എസ്.പി ആവശ്യപ്പെട്ടത്. അതേസമയം, മർദനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് പ്രതികാര നടപടിയെന്നോണം കഴിഞ്ഞ ദിവസവും ട്രക്ക് ബേയിൽ പാർക്ക് ചെയ്ത ലോറികളുടെ രേഖകൾ ട്രാഫിക് എസ്.ഐ പിടിച്ചെടുത്തെന്നാരോപിച്ച് ഡ്രൈവർമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.