ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്താൻ താമസിച്ചതാണ് ഇന്നലെ വൈകാൻ കാരണമെന്ന് റെയിൽേവ കൊച്ചി: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചും പുതുമ സൃഷ്ടിച്ചു. ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സർവിസ് ആരംഭിച്ച ട്രെയിൻ തുടക്കത്തിൽതന്നെ കല്ലുകടിയായി . വ്യാഴാഴ്ച രണ്ടര മണിക്കൂറോളം വൈകി 12.45ന് എറണാകുളെത്തത്തിയ ട്രെയിൻ ഇവിടെ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഇത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. അഞ്ച് മണിക്ക് തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിേക്കണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂർ വൈകിയാണ് സർവിസ് തുടങ്ങിയത്. രാവിലെ 8.20ന് കോട്ടയത്ത് എത്തുന്ന ട്രെയിൻ വ്യാഴാഴ്ച എത്തിയത് 11നാണ്. ഇത്രയും വൈകി സർവിസ് ആരംഭിച്ചിട്ടും ചങ്ങനാശ്ശേരി മുതൽ വിവിധ സ്റ്റേഷനുകളിൽ ക്രോസിങ്ങിന് മണിക്കൂറുകൾ തടഞ്ഞിട്ടു. ചങ്ങനാശ്ശേരിയിൽ ഐലൻഡ് എക്സ്പ്രസ്, ചിങ്ങവനത്ത് ഗുരുവായൂർ--എടമൺ ഫാസ്റ്റ് പാസഞ്ചർ, കോട്ടയത്ത് ജനശതാബ്ദി എന്നിവക്ക് വേണ്ടിയും ട്രെയിൻ പിടിച്ചിട്ടു. തുടർന്ന് ഏറ്റുമാനൂരടക്കമുള്ള സ്റ്റേഷനുകളിലും ഇത് തുടർന്നു. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്താൻ താമസിച്ചതാണ് വ്യാഴാഴ്ച വൈകിയതിന് കാരണമെന്ന് റെയിൽേവ അധികൃതർ പറഞ്ഞു. രാത്രി 10.30ന് എത്തേണ്ട ട്രെയിൻ വൈകി 11.30നാണ് എത്തിയത്. തുടർന്ന് നടക്കേണ്ട മെയിൻറനൻസ് ജോലികളും വൈകി. ഇത് പൂർത്തീകരിച്ചപ്പോൾ പുലർച്ച 5.30 ആയി. ശേഷം ഷണ്ടിങ് കഴിഞ്ഞ് സർവിസ് ആരംഭിച്ചപ്പോൾ സമയം വൈകുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. പാലക്കാട് ഡിവിഷനിലും കോട്ടയം, ചെങ്ങന്നൂർ ഭാഗങ്ങളിലുമായി ഇലക്ട്രിക് ലൈനിലുണ്ടായ തകരാറുകളാണ് ബുധനാഴ്ച ട്രെയിൻ വൈകുന്നതിന് കാരണമായതെന്നും റെയിൽേവ വ്യക്തമാക്കി. വ്യാഴാഴ്ച എറണാകുളത്ത് സർവിസ് അവസാനിപ്പിച്ച ട്രെയിനിലെ ഷൊർണൂരിലേക്കുള്ള യാത്രക്കാരെ മംഗള എക്സ്പ്രസിൽ കയറ്റിവിടുകയാണ് ചെയ്തത്. സർവിസ് തുടർന്നാൽ ശേഷമുള്ള സർവിസുകളും വൈകുമെന്നതിനാലാണ് യാത്ര അവസാനിപ്പിച്ചത്. വൈകീട്ട് ഷൊർണൂരിൽനിന്ന് സാധാരണ വേണാടിൽ വരുന്ന യാത്രക്കാരുടെ സൗകര്യത്തിന് മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസിന് വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ഡിവൈൻനഗർ, അങ്കമാലി, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.