ചേർത്തല: കണിച്ചുകുളങ്ങരയിലെ ദുരിതാശ്വാസ ക്യാമ്പിെല കുട്ടനാട്ടുകാർക്ക് സന്തോഷത്തിെൻറ ഒാണം. ഒന്നാം ഓണത്തിന് ഓണക്കോടിയും കൈനീട്ടവും കിട്ടിയെങ്കിലും ചിലർ മാത്രമാണ് കോടിയണിയാൻ തയാറായത്. ഓണം വീട്ടിലല്ലാത്തതിെൻറ അസ്വസ്ഥത ചിലരെയെങ്കിലും അലട്ടുന്നുണ്ടായിരുന്നു. കണിച്ചുകുളങ്ങര ദേവസ്വം മുൻകൈയെടുത്ത് സംഘടിപ്പിച്ച ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കാണ് ഓണസദ്യയും ആഘോഷങ്ങളും ഏർപ്പാടാക്കിയത്. ദേവസ്വം വക ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ഓഡിറ്റോറിയത്തിലും ദേവസ്വത്തിെൻറ ചിക്കര കൊട്ടിലിലുമായാണ് പ്രളയബാധിതർ താമസിച്ചിരുന്നത്. ക്യാമ്പിൽ ആകെ 4643 പേരാണുള്ളത്. സമീപത്തെ ബന്ധുവീടുകളിൽ അഭയാർഥികളായി താമസിച്ചിരുന്നവരും എസ്.എൻ.ഡി.പി പ്രവർത്തകരും നാട്ടുകാരും അടക്കം 15,000 പേർ സദ്യയിൽ പങ്കുകൊണ്ടു. മാരാരിക്കുളം നോർത്ത് വില്ലേജിലെ ഏഴ് ക്യാമ്പിലായുള്ള ഏഴായിരത്തോളം പേർക്കും ഇവിടെ ഭക്ഷണം കരുതിയിരുന്നു. രാവിലെ 11.30നാണ് ക്യാമ്പിലുള്ളവരോടൊത്ത് സദ്യ ഉണ്ണാൻ മന്ത്രി ജി. സുധാകരനെത്തിയത്. സ്വീകരിക്കാൻ എസ്.എൻ.ഡി.പി സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറുമായ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും നേരേത്ത എത്തിയിരുന്നു. 11.45ന് തുടങ്ങിയ ഓണസദ്യ ഉണ്ണാൻ എ.എം. ആരിഫ് എം.എൽ.എ, കയർ കോർപറേഷൻ ചെയർമാനും സി.പി.എം ജില്ല സെക്രട്ടറിയുമായ ആർ. നാസർ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രിയേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭാ മധു, ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, എസ്.എൻ ട്രസ്റ്റ് ജോയൻറ് സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ചേർത്തല തഹസിൽദാർ എ. അബ്ദുൽ റഷീദ്, മാരാരിക്കുളം സി.െഎ നവാസ് തുടങ്ങിയവരും എത്തിയിരുന്നു. ഉത്രാടം നാളിൽ ക്യാമ്പ് അംഗങ്ങൾക്ക് 10 ലക്ഷത്തോളം രൂപയാണ് വെള്ളാപ്പള്ളി നടേശൻ കൈനീട്ടമായി നൽകിയത്. സദ്യക്ക് ആവശ്യമായ സാധനങ്ങളെല്ലാം വിവിധ എസ്.എൻ.ഡി.പി യൂനിയനുകളുടെ വകയായിരുന്നു. പെരിങ്ങാട് കോളനി ക്യാമ്പിലും ഓണസദ്യ ചെങ്ങന്നൂർ: ബുധനൂർ പഞ്ചായത്ത് 14ാം വാർഡിലെ പെരിങ്ങാട് ലക്ഷംവീട് കോളനിയിൽ 20 കുടുംബത്തിന് നടത്തിയ ദുരിതാശ്വാസ ക്യാമ്പിലും ഒാണസദ്യ ഒരുക്കി. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ലക്ഷംവീട് കോളനിയിലെ എട്ട് കുടുംബമാണ് തോപ്പിൽ ചന്തകവലക്ക് സമീപം അഭയം തേടിയത്. തുടർന്ന് ഇവർ തൊട്ടടുത്ത ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇവർക്ക് അവിടെനിന്ന് ഭക്ഷണം നിഷേധിച്ചതിനാൽ ലക്ഷംവീട് കോളനിയിൽ ക്യാമ്പ് ആരംഭിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാന്നാർ ഫേസ്ബുക്ക് കൂട്ടായ്മ പ്രവർത്തകരും മാന്നാറിലെ പ്രമുഖവ്യക്തികളും സഹായവുമായി എത്തിയത് ഏറെ ക്ലേശം സഹിച്ചാണ്. അവസാനഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒടുവിൽ ക്യാമ്പായി അംഗീകരിച്ച് ഭക്ഷണസാധനങ്ങൾ നൽകിയതോടെയാണ് ഒാണസദ്യക്ക് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.