ചെങ്ങന്നൂർ: പരിപ്പും പപ്പടവും മുതൽ പായസം വരെ. മൈക്ക് സെറ്റ് ഘടിപ്പിച്ച വേദിയിലെ കലാപരിപാടികളും. മലയാള നാട്ടിലെ മാവേലിയുടെ ഭരണകാലത്തെ അനുസ്മരിപ്പിച്ചത് ഈ തിരുവോണ നാളാണ്. നിയമസഭ മണ്ഡലത്തിലെ 10 ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭ പ്രദേശത്തും പ്രവർത്തിച്ചിരുന്ന ഏതാനും വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് പിരിച്ചുവിട്ടത്. ബാക്കി 90 ശതമാനത്തിലേറെ സ്ഥലത്തും മാലോകരെല്ലാം ഒത്തുചേർന്നാണ് തിരുവോണം കൊണ്ടാടിയത്. മാന്നാറിൽ കുരട്ടിശ്ശേരി വില്ലേജിലെ ഒന്നുമുതൽ നാലുവരെയും 17, 18 വാർഡുകളിലെയും ദുരിതബാധിതർ താമസിക്കുന്നത് നായർസമാജം വക ഹയർ സെക്കൻഡറി, ഗേൾസ് - ബോയ്സ് ഹൈസ്കൂളുകൾ, അക്ഷര ഇംഗ്ലീഷ് മീഡിയം, ടി.ടി.ഐ, ഗവ. എൽ.പി.എസ്, യു.ഐ.ടി എന്നിവയിലാണ്. 4000 പേരാണ് ഓണസദ്യയുണ്ടത്. 1.30ന് ആരംഭിച്ച വിളമ്പൽ വൈകീട്ട് നാലുവരെ നീണ്ടു. ഡെസ്ക്കും െബഞ്ചുകളും നിരത്തി പ്ലാസ്റ്റിക് തൂശനിലയിലാണ് ഊണ് വിളമ്പിയത്. സാമ്പാർ, അവിയൽ, തോരൻ, പച്ചടി, കിച്ചടി, സേമിയ പായസം, നാരങ്ങ അച്ചാർ എന്നിവ ചോറിനൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഓപ്പൺ എയർ സ്റ്റേജിൽ കലാപരിപാടികളും നടന്നു. ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് അജിയോടൊപ്പം 20 പേർ ചേർന്നാണ് ചിട്ടവട്ടങ്ങളൊരുക്കി പാചകം ചെയ്തത്. സ്കൂൾ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.ജി. വിശ്വനാഥൻ നായരും അധ്യാപകരും കൈത്താങ്ങായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രഘുപ്രസാദ് ക്യാമ്പിൽ താമസിച്ചാണ് നേതൃത്വം നൽകിയത്. രണ്ടുദിവസത്തിനകം ക്യാമ്പ് പിരിച്ചുവിടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, നടൻ മമ്മൂട്ടി, യുവജനക്ഷേമ ബോർഡ് ചെയർപേഴ്സൻ ചിന്ത ജെറോം, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുല്ലത്തീഫ്, എ.ആർ. സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ തുടങ്ങിയവർ പലപ്പോഴായി സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.