കൈത്താങ്ങായി കെ.എസ്.ആർ.ടി.സിയും

കൊച്ചി: റോഡുകൾ പുഴപോലെ ഒഴുകിയപ്പോൾ തങ്ങളാലാവുംവിധം ദുരിതബാധിതരെ കരകയറ്റാൻ കെ.എസ്.ആർ.ടി.സിയും മുന്നിലുണ്ടായിരുന്നു. ഹെലികോപ്ടറിലും ബോട്ടിലും രക്ഷപ്പെടുത്തിയവരെ ക്യാമ്പുകളിലെത്തിക്കാനും അവിടെനിന്ന് ബന്ധുവീടുകളിലെത്തിക്കാനും ബസുകൾ പലയിടത്തും വിട്ടുനൽകി. സംസ്ഥാനത്തൊട്ടാകെ 5000 ബസുകളിലായി ലക്ഷക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. മഴ ശക്തമായപ്പോൾതന്നെ ഡീസലും അനുബന്ധ സാമഗ്രികളും കടമായി വാങ്ങി സൂക്ഷിച്ചു. രക്ഷാബോട്ടുകളിലെ സുരക്ഷ ഉപകരണങ്ങൾ കാറ്റുനിറച്ച് നൽകാനും കാറ്റുനിറച്ച ട്യൂബുകൾ നൽകാനും ബാരലുകൾ കൂട്ടിക്കെട്ടി താൽകാലിക വഞ്ചികളാക്കാനും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സഹായിച്ചു. ഡീസൽ ബാരലുകൾ നൽകിയും ബോട്ടുകൾ ഇറക്കാൻ ടയറും ട്യൂബും നൽകിയും സഹായിച്ചു. സുരക്ഷ വിഭാഗങ്ങളുടെ വാഹനങ്ങളുടെ തകരാർ പരിഹരിച്ചു. സൈനികരെയും രക്ഷാപ്രവർത്തകരെയും അതത് സ്ഥലത്തെത്തിക്കാനും ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകാനും ബസുകൾ സജീവമായിരുന്നു. സാധ്യമായ വഴികളിലൂടെ സാഹസപ്പെട്ടും ബസ് സർവിസുകൾ നടത്തി. യൂനിറ്റിൽ എത്താൻ കഴിയാതിരുന്ന ജീവനക്കാർ സർക്കാർ വാഹനങ്ങളും ട്രക്കുകളും ഓടിച്ചും സ്വയം മുന്നിട്ടിറങ്ങിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.