പ്രളയജലം പിൻവാങ്ങി; ഇനി ശുചീകരണം

കോലഞ്ചേരി: പ്രളയജലം പിൻവാങ്ങിയതോടെ വീടുകളും പരിസരങ്ങളും ശുചീകരിക്കുന്ന തിരക്കിലാണ് ദുരന്ത ബാധിതർ. ദുരന്ത ബാധിതരോടൊപ്പം ഇതിനായി വിവിധ രാഷ്്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരും ഒത്ത് ചേർന്നതോടെ പലയിടങ്ങളിലും ശുചീകരണം ജനകീയമായി മാറി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് പേരാണ് പ്രളയത്തിനിരയായത്. വീടുകൾ വെള്ളത്തിനടിയിലായതോടെ ഇവരിൽ ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടി. മറ്റുള്ളവർ ബന്ധുവീടുകളിലേക്കും മാറി. മഴ മാറി വെള്ളം പിൻവാങ്ങിയതോടെ ചില കുടുംബങ്ങൾ ക്യാമ്പുകൾ വിട്ടു. മറ്റുള്ളവർ വീടും പരിസരവും ശുചീകരിച്ച ശേഷം വൈകീട്ടോടെ ക്യാമ്പുകളിലെത്തും. മണ്ഡലത്തിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ കുന്നക്കുരുടി പള്ളിയിൽനിന്ന് എല്ലാവരും വീടുകളിലേക്ക് മടങ്ങി. ഇവിടെ നൂറ്റി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. കൂടാതെ കോലഞ്ചേരി സ​െൻറ്പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലുണ്ടായിരുന്ന എഴുപതോളം പേരും വീടുകളിലേക്ക് മടങ്ങി. കടമറ്റം സ്കൂളിൽ 250 പേരും പൂതൃക്ക പള്ളിയിൽ 120 പേരും തമ്മാനിമറ്റം സ്കൂളിൽ 130 പേരും മംഗലത്തുനട, കടക്കനാട് ക്യാമ്പുകളിലായി 300 പേരും, ഏഴിപ്രം പകൽ വീട്ടിൽ 60 പേരും, മാമല എസ്.എൻ.എൽ.പി.എസിൽ 140 പേരും കണ്യാട്ടുനിരപ്പ് സ്കൂളിൽ 60 പേരും, പെരിങ്ങാല ഐ.സി.ടി സ്കൂളിൽ 200 ഓളം പേരും ക്യാമ്പ് ചെയ്തിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ക്യാമ്പുകൾ വിടാനുള്ള ഒരുക്കത്തിലാണ്. ഇതിന് പുറമേ എല്ലാ പഞ്ചായത്തുകളിലും വീടുകൾ കേന്ദ്രീകരിച്ചും ആളുകൾ കൂട്ടത്തോടെ തമ്പടിച്ചിരുന്നു. വെള്ളമിറങ്ങിയതോടെ ഇവരെല്ലാം ആശ്വാസത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.