രോഗികൾക്ക്​ ഭക്ഷണമൊരുക്കി ഡോക്​ടർമാർ; മാതൃകയായി മൂവാറ്റുപുഴ ജനറൽ ആശുപത്രി

മൂവാറ്റുപുഴ: നഗരത്തെയടക്കം മൂടിയ പ്രളയത്തിൽ സ്വകാര്യ ആശുപത്രികൾ പലതും അടച്ചുപൂട്ടി കിടപ്പുരോഗികളെപ്പോലും ഒഴിവാക്കിയപ്പോൾ മൂവാറ്റുപുഴ ജനറൽ ആശുപത്രി കാഴ്ചവെച്ചത് സേവനത്തി​െൻറ വേറിട്ട മാതൃക. ജീവനക്കാരിൽ ഭൂരിഭാഗത്തിനും വെള്ളപ്പൊക്കംമൂലം എത്താൻ കഴിയാതിരുന്നിട്ടും ഉള്ളവർ കൈമെയ് മറന്ന് പ്രവർത്തിച്ചപ്പോൾ നൂറുകണക്കിന് രോഗികൾക്ക് ആശുപത്രി ആശ്വാസമായി. ഒറ്റദിവസം 17 പ്രസവമെടുത്ത് ഗൈനക് വിഭാഗത്തിലെ ഡോക്ടറും താരമായി. 11 സിസേറിയനും ആറ് സുഖപ്രസവവുമായിരുന്നു ഈ ദിവസം നടന്നത്. എല്ലാ മാർഗങ്ങളും അടഞ്ഞതോടെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് രോഗികൾക്ക് ഭക്ഷണം തയാറാക്കി നൽകിയത്. വെള്ളം കയറിയതിനെത്തുടർന്ന് നഗരത്തിലെ മിക്ക സ്വകാര്യ ആശുപത്രികളും അടച്ചതോടെ നൂറുകണക്കിന് രോഗികളാണ് ജനറൽ ആശുപത്രിയിലെത്തിയത്. 167 കിടപ്പുരോഗികളടക്കം 1200 പേരാണ് ഈ നാലുദിവസം ചികിത്സ തേടിയെത്തിയത്. ഗുരുതരാവസ്ഥയിലുള്ളവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതോടെ, ഡോക്ടർമാരും നഴ്സുമാരുമടക്കം ജീവനക്കാർ കൈമെയ് മറന്ന് രംഗത്തിറങ്ങി. അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ പുറത്തുനിന്നാണ് ആളെ കണ്ടെത്തിയത്. ഒ.പിയിലും കാഷ്വാലിറ്റിയിലും ഡോ. ഷാജഹാൻ, ഡോ. സതീശൻ, ഡോ. രാജി ബഷീർ, ഡോ. നോബിൾ, ഡോ. ബിജിത, ഡോ. നിഷ എന്നിവർ തുടർച്ചയായി ജോലി ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡോ. രാജി ബഷീർ ഒറ്റ ദിവസം കൈകാര്യം ചെയ്തത് 17 പ്രസവക്കേസുകളാണ്. ആശുപത്രി സൂപ്രണ്ട് ഡോ. എം.എം. ഷാനി, ഡോ. സാലി എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയിൽതന്നെ ഭക്ഷണമൊരുക്കിയത്. ദുരിതബാധിത മേഖലകളിലെ മെഡിക്കൽ ക്യാമ്പുകളിലും ഇവർ സജീവമായി. മെഡിക്കൽ ലീവ് റദ്ദാക്കിയാണ് ഫോറൻസിക് സർജൻ ഡോ. മനോജ് ഡ്യൂട്ടിക്ക് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.