രക്ഷാപ്രവർത്തനം പൂർത്തിയായി

കൊച്ചി: പ്രളയജല പ്രവാഹത്തിൽപ്പെട്ട് വീടുകളിലും മറ്റ് സ്ഥലങ്ങളിലും കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായി ജില്ല കലക്ടർ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. സൈനിക, അർധസൈനിക വിഭാഗങ്ങളും പൊലീസ്, റവന്യൂ, ഫയർ ഫോഴ്സ്. ആരോഗ്യ വകുപ്പുകളിലെ ജീവനക്കാരും രാപകൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. ജില്ലയിൽ ഇപ്പോൾ 760 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 95,398 കുടുംബങ്ങളാണുള്ളത്. 1,41,702 പുരുഷന്മാരും 1,44,983 സ്ത്രീകളും 75,010 കുട്ടികളുമടക്കം 3,77,255 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തന മികവ് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓരോ ക്യാമ്പി​െൻറയും ചുമതല നിർവഹിക്കാൻ നാല് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ട്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. ഓരോ ക്യാമ്പി​െൻറയും ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വെള്ളം, വെളിച്ചം, ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി വരികയാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർമാർ, ഹെഡ്മിസ്ട്രസുമാർ എന്നിവർ ക്യാമ്പുകളുടെ മേൽനോട്ടം വഹിക്കണം. അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും വിധം ജീവനക്കാരെ പുനർവിന്യസിക്കും. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ദുരിത ബാധിതർക്ക് ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നുണ്ട്. ഔദ്യോഗിക ശേഖരണ കേന്ദ്രങ്ങൾ വഴി ശേഖരിക്കുന്ന സാധനങ്ങൾ ഓരോ മേഖലയിലും വിതരണം ചെയ്യുന്നു. പ്രളയജലമിറങ്ങിയ വീടുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണം ഊർജിതമാക്കും. ശുചിത്വമിഷ​െൻറ നേതൃത്വത്തിൽ ഹരിത കേരളം മിഷ​െൻറയും ആരോഗ്യ വകുപ്പി​െൻറയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പ്രത്യേക കർമ പദ്ധതി തയാറാക്കിയിട്ടുണ്ട്. ക്ലോറിനേഷൻ, ബ്ലീച്ചിങ് പൗഡർ വിതറൽ എന്നിവ ദുരിത ബാധിത മേഖലകളിൽ നടന്നുവരികയാണ്. ശുചീകരണത്തിനാവശ്യമായ വസ്തുക്കളാണ് അടിയന്തരമായി ആവശ്യമുള്ളത്. ശുചീകരണ ജോലികൾ ആരംഭിച്ച സ്ഥലങ്ങളിൽ ചൂൽ, ബ്ലീച്ചിങ് പൗഡർ, ഫിനോയിൽ അടക്കം അണുനാശിനികൾ, ഗ്ലൗസ്, ഗം ബൂട്ടുകൾ, ക്ലീനിങ് മോപ്പ്, സ്‌ക്രബറുകൾ, വിവിധതരം തുണിത്തരങ്ങൾ, വിവിധ അളവിലുള്ള ചെരിപ്പുകൾ തുടങ്ങിയവ ആവശ്യമാണ്. ഇത്തരം വസ്തുക്കൾ കൊണ്ടുവരാൻ ശ്രമിക്കണം. എല്ലാ ക്യാമ്പുകളിലും വൈദ്യസഹായമെത്തിക്കാൻ നടപടി സ്വീകരിച്ചു. ഇതിന് 50 ഡോക്ടർമാരെ വിന്യസിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിൽ ഡ്യൂട്ടിക്കായി 30 ഡോക്ടർമാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.