ആറാട്ടുപുഴ: മനുഷ്യെൻറ കണ്ണീരൊപ്പുന്നതോടൊപ്പം ദുരിതം പറയാനാകാത്ത മിണ്ടാപ്രാണികളുടെ വിശപ്പകറ്റുന്ന പ്രവർത്തനങ്ങളുമായി വെൽഫെയർ പാർട്ടി, ഐ.ആർ.ഡബ്ല്യു, ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകർ. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കാലികൾക്ക് ഭക്ഷണം നൽകുന്ന ഇവരുടെ പ്രവർത്തനം മാതൃകയാവുകയാണ്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് പ്ലേസ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് വീയപുരം, ചെറുതന, കരുവാറ്റ തുടങ്ങിയ ഭാഗങ്ങളിലെ കന്നുകാലികൾക്ക് കാലിത്തീറ്റയുമായി പ്രവർത്തകർ സഞ്ചരിക്കുന്നത്. മാതൃകാപരമായ രീതിയിലാണ് ഹുദാ ട്രസ്റ്റ് സ്കൂളിലെ ക്യാമ്പ്. ഇവിടെ 300ലേറെ പേരാണ് താമസിക്കുന്നത്. സ്കൂളിൽ സ്ഥലം തികയാതെ വന്നതോടെ പള്ളി തുറന്നുകൊടുത്തു. ദിവസവും രാവിലെ ഹുദാ ട്രസ്റ്റ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. ഒ. ബഷീറിെൻറ നേതൃത്വത്തിൽ നടക്കുന്നു. ക്യാമ്പിലെത്തിയ 22 പേർക്ക് സൗജന്യമായി കിടത്തിച്ചികിത്സ നൽകുന്നുണ്ട്. താമസക്കാർക്കുള്ള കിടക്കയും ശുദ്ധജലവും ആശുപത്രിയിൽനിന്നാണ് നൽകുന്നത്. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ താമസക്കാർക്കും സന്ദർശകർക്കും രേഖപ്പെടുത്താൻ പുസ്തകം സൂക്ഷിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ പരിഗണിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതായി സംഘാടകർ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്ന് ഇവിടെയെത്തുന്ന വിഭവങ്ങൾ ശേഖരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുന്ന പ്രവർത്തനവും നടന്നുവരുന്നു. ഒരു പരാതിക്കും ഇടവരാത്ത തരത്തിൽ മാതൃകപരമായ രീതിയിലാണ് ക്യാമ്പിെൻറ പ്രവർത്തനം. പ്രവർത്തനസജ്ജരായി 15ഓളം പേർ എപ്പോഴും ക്യാമ്പിലുണ്ടാകും. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ പ്രസിഡൻറ് സമീർ പല്ലന, ഒ. സൈനുല്ലാബ്ദീൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. പ്രളയബാധിതരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം -എം.പി ആലപ്പുഴ: പ്രളയ ദുരിതബാധിതരുടെ വായ്പകൾക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും കെ.സി. വേണുഗോപാൽ എം.പി. ദുരിതബാധിതരിൽനിന്ന് സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾ വായ്പ തിരിച്ചടവിെൻറ പേരിൽ നടത്തുന്ന നിർബന്ധിത പണപ്പിരിവ് നിർത്തിവെക്കാൻ സർക്കാർ അടിയന്തരമായി ഉത്തരവിടണമെന്ന് എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയദുരിത ബാധിതരായ മുഴുവൻ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ നടപടിയെടുക്കണം. ദുരിതബാധിതരായ സ്ത്രീകൾ താമസിക്കുന്ന ക്യാമ്പുകളിൽപോലും കയറി ഭീഷണിപ്പെടുത്തി വായ്പാ തിരിച്ചടവ് നടത്താൻ ഫിനാൻസ് കമ്പനികളുടെ പ്രതിനിധികൾ ശ്രമിക്കുകയാണ്. ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയവരെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടി അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. സ്വയംസഹായ സംഘങ്ങളിൽനിന്ന് നൽകിയ വായ്പകൾക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.