വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനിടെ അക്രമിച്ചതായി പരാതി

മൂവാറ്റുപുഴ: വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ജീവനക്കാരുടെ ശ്രമങ്ങൾക്കിടെ നാട്ടുകാരിൽനിന്ന് ആക്രമണമുണ്ടാകുന്നതായി പരാതി. തിങ്കളാഴ്ച കക്കടാശ്ശേരിയിൽ വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരാണ് ആക്രമണത്തിനിരയായത്. മൂവാറ്റുപുഴ നമ്പർ-2 സെക്ഷനിലെ ജീവനക്കാരൻ ഷാജഹാനാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് ലൈൻ പൊട്ടിക്കിടന്നത് പരിശോധിക്കാനെത്തിയതായിരുന്നു ഷാജഹാനും മറ്റു ജീവനക്കാരും. ഫ്യൂസ് ഊരിയശേഷം വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ നാട്ടുകാരിലൊരാൾ ബലമായി ഫ്യൂസ് കുത്താൻ ശ്രമിച്ചു. ഇതുകണ്ട ജീവനക്കാർ ഓടിയെത്തി ഇയാളെ തടഞ്ഞതോടെ ബഹളമായി. ഇതിനിടെ, ഇയാൾ ഷാജഹാനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഫ്യൂസ് സ്ഥാപിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാകുകയെന്ന് ജീവനക്കാർ പറയുന്നു. വെള്ളപ്പൊക്കവും മഴയുംമൂലം പല പ്രദേശങ്ങളിലും വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ആവശ്യത്തിന് സാമഗ്രികളില്ലാത്തതും ജീവനക്കാരുടെ കുറവും വൈദ്യുതി പുനഃസ്ഥാപനത്തെ ബാധിക്കുന്നുമുണ്ട്. എന്നാൽ, ഉള്ള ജീവനക്കാർ രാത്രിയും പകലും തുടർച്ചയായി ജോലിചെയ്താണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുന്നത്. ഇതിനിടെയുണ്ടാകുന്ന ആക്രമണങ്ങൾ ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.