കൊച്ചി: വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരടങ്ങുന്ന നിറഞ്ഞ സദസ്സിെൻറ സാന്നിധ്യത്തിൽ എറണാകുളം ബോൾഗാട്ടിയിലെ ലുലു ഇൻറർനാഷനൽ കൺവെൻഷൻ സെൻററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻററായ ഇവിടത്തെ ലിവ ഹാളിൽ കേന്ദ്ര ഗതാഗത ഷിപ്പിങ്-ജലവിഭവ മന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. യു.എ.ഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയും ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വിശിഷ്ടാഥിതിയുമായിരുന്നു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, എം.പിമാരായ പ്രഫ. കെ.വി. തോമസ്, പി.കെ. കുഞ്ഞാലിക്കുട്ടി, എസ്. ശർമ എം.എൽ.എ, മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ, ഹയാത്ത് ഇൻറർനാഷനൽ ഗ്രൂപ് പ്രസിഡൻറ് പീറ്റർ ഫുൾട്ടൻ എന്നിവർ ആശംസ നേർന്നു. ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി സ്വാഗതവും എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി നന്ദിയും പറഞ്ഞു. കേരളത്തിനും രാജ്യത്തിനാകെയും അഭിമാനകരമായ ഏറ്റവും വലിയ കൺവെൻഷൻ സെൻറർ യാഥാർഥ്യമാക്കിയ എം.എ. യൂസഫലിയെ നാടിന് വേണ്ടി അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിെൻറ ചെറിയ പരിച്ഛേദമാണ് കൺവെൻഷൻ സെൻററിലൂടെ ഇവിടെയെത്തിയിരിക്കുന്നത്. യൂസഫലിയുടെ മനസ്സിെൻറ വലുപ്പമാണ് അദ്ദേഹത്തിെൻറ സംരംഭങ്ങളുടെ വളർച്ചക്ക് പിന്നിൽ. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചപ്പോഴൊക്കെ അക്കാര്യം തനിക്ക് മനസ്സിലായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഒരു പ്രശ്നമുണ്ടായാൽ മലയാളികൾ ആദ്യം ബന്ധപ്പെടാൻ ആഗ്രഹിക്കുന്നത് ആ രാജ്യങ്ങളിലെ എംബസികളെയല്ല യൂസഫലിയെയാണ്. അദ്ദേഹത്തിന് ഗൾഫ് രാജ്യങ്ങളിലുള്ള സ്വാധീനം അത്ര വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന പ്രയാസങ്ങളും പ്രതിസന്ധികളും വിവരിച്ച യൂസഫലി ഇത് തരണം ചെയ്യാൻ തന്നെ സഹായിച്ചവരെ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു. വികസനോന്മുഖ കാഴ്ചപ്പാടോടെ യൂസഫലി നാടിെൻറ നന്മക്കായി ചെയ്യുന്ന പ്രവർത്തനങ്ങളെ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുമടങ്ങുന്ന പ്രസംഗകർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.