മലയാള സാമൂഹിക- സാംസ്കാരിക- വൈജ്ഞാനിക രംഗങ്ങളിൽ ലോകത്തിന് മുന്നിൽ തന്നെ കിടപിടിക്കാവുന്ന പ്രതിഭകൾക്ക് ജന്മം നൽകാനും വളർച്ചക്ക് സാഹചര്യമൊരുക്കാനും പെരുമ്പാവൂരിനും പെരിയാറിെൻറ തീരത്തിനും സാധിച്ചു. ജ്ഞാനപീഠ പുരസ്കാര ജേതാവും മഹാകവിയുമായ ജി.ശങ്കരക്കുറുപ്പിെൻറ ജനനം കാലടിക്കടുത്ത നായത്തോട് ഗ്രാമത്തിലാണെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം തുടർപഠനം നടത്തിയത് പെരുമ്പാവൂരിലെ സർക്കാർ ബോയ്സ് ഹൈസ്കൂളിലായിരുന്നു. മലയാള നോവലിൽ വെന്നിക്കൊടി പാറിച്ച മലയാറ്റൂർ രാമകൃഷ്ണനും പിന്നീട് ഇതേ വിദ്യാലയത്തിൽ പഠിച്ചു. സ്വദേശമായ പെരുമ്പാവൂരിനടുത്ത കൂവപ്പടി തോട്ടുവയിൽ ജനിച്ച കെ.വി. രാമകൃഷ്ണ അയ്യർ എന്ന രാമകൃഷ്ണൻ ആദ്യകാല രചനകളിൽ പേര് നൽകിയത് തോട്ടുവ രാമകൃഷ്ണൻ എന്നായിരുന്നു. ഒടുവിൽ പെരിയാറിന് അപ്പുറത്തുള്ള മലയാറ്റൂരിനെ തെൻറ പേരിനോട് ചേർക്കുക വഴി രാമകൃഷ്ണൻ മലയാള സാഹിത്യത്തിലെ അതികായകരിലൊരാളായി മാറി. പെരുമ്പാവൂരിന് സമീപത്തെ പുല്ലുവഴിയുടെ സംഭാവനകളിൽ പ്രമുഖസ്ഥാനം കേരള രാഷ്ട്രീയത്തിലെ ഒരേയൊരു പി.ജി എന്ന പി.ഗോവിന്ദപ്പിള്ളക്കാണ്. രണ്ട് വട്ടം നിയമസഭയിൽ പെരുമ്പാവൂരിനെ പ്രതിനിധാനംചെയ്ത അദ്ദേഹം മികച്ച വാഗ്മിയും ഗ്രന്ഥകാരനുമാണ്. അഞ്ചും ആറും നിയമസഭകളിൽ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച പി.ആർ. ശിവൻ അനുഗൃഹീത നാടക രചയിതാവ് കൂടിയായിരുന്നു. മലയാള സാഹിത്യത്തിൽ ദലിതെഴുത്തിെൻറ ശക്തനായ വക്താവായിരുന്ന അന്തരിച്ച കഥാകൃത്ത് സി. അയ്യപ്പനും പെരുമ്പാവൂരുകാരൻ തന്നെ. ദലിത് ജീവിത പരിസരങ്ങെള അതിതീക്ഷ്ണവും അതേസമയം സ്വാഭാവികവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകവഴി പരമ്പരാഗത സാഹിത്യ ഭാവുകത്വത്തെ കൃത്യമായി പൊളിച്ചുപണിത പ്രഫ.അയ്യപ്പൻ കീഴില്ലത്താണ് ജനിച്ചത്. മലപ്പുറം ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച അദ്ദേഹം 2011 ആഗസ്റ്റിൽ അന്തരിച്ചു.ചെറുകഥാകൃത്തും മുൻ എം.പി.യുമായ ടി.കെ.സി. വടുതലയുടെ മകൾ ലളിതയാണ് ഭാര്യ. പുലയരുടെ ചരിത്രത്തെ ആഴത്തിൽ പഠിച്ച് ആധികാരിക ഗ്രന്ഥമെഴുതിയ ഒർണ കൃഷ്ണൻ കുട്ടിയും പെരുമ്പാവൂർ സ്വദേശിയാണ്. സുഹൃത്തുക്കൾക്കിടയിൽ നാണപ്പൻ എന്നറിയപ്പെട്ട 'പരിണാമ'ത്തിെൻറ കഥാകാരൻ എം.പി .നാരായണപിള്ള പുല്ലുവഴിക്കാരനാണ്. സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച എസ്.കെ. മാരാർ ജന്മം കൊണ്ട് ചേർത്തല എരമല്ലൂരുകാരനായിരുന്നുവെങ്കിലും കർമം കൊണ്ട് പെരുമ്പാവൂരുകാരനായിരുന്നു. ഒൗദ്യോഗിക ജീവിതത്തിെൻറ ഭാഗമായി പെരുമ്പാവൂരിൽ എത്തിയ നോവലിസ്റ്റ് പാലാ ശ്രീധരനും ഇവിടം സ്ഥിര താമസമാക്കി. അങ്കമാലിയിലെ കിടങ്ങൂരിൽ ജനിച്ച പ്രശസ്ത നാടക രചയിതാവ് കാലടി ഗോപിയുടെ തട്ടകവും പെരുമ്പാവൂരായിരുന്നു. പെരുമ്പാവൂർ െവങ്ങോല സ്വദേശിയായ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനാണ്. നോവലിസ്റ്റും ശാസ്ത്ര ഗ്രന്ഥകാരനുമായ ജീവൻ ജോബ് തോമസ് പെരുമ്പാവൂർ അല്ലപ്ര സ്വദേശിയാണ്. വിവരസാേങ്കതിക വിദ്യയുടെ രഹസ്യങ്ങൾ വായനക്കാർക്കായി തുറന്നിട്ട വർക്കി പട്ടിമറ്റവും പെരുമ്പാവൂരിൽ നിന്ന് അധികം ദൂരെയല്ല താമസം. മലയാള ചെറുകഥയുടെ ഇന്നിെൻറ കരുത്തരായ ഇന്ദുചൂഡൻ കിഴക്കേടവും മനോജ് ജാതവേദരും പെരുമ്പാവൂരിൽ തന്നെയുള്ളവരാണ്. ചെറുകഥയിലെ വാഗ്ദാനമായ മനോജ് വെങ്ങോലയും ഇവിടത്തുകാരനാണ്. ബാലസാഹിത്യകാരന്മാരായ വേണു വാരിയത്തും സത്യൻ താന്നിപ്പുഴയും ഗോപി മംഗലത്തും പെരിയാർ തീരങ്ങളിലാണ് വസിക്കുന്നത്. സുരേഷ് കീഴില്ലം, തസ്മിൻ ഷിഹാബ് തുടങ്ങി സാഹിത്യലോകത്തെ ശ്രദ്ധേയരായ യുവവ്യക്തിത്വങ്ങളും പെരുമ്പാവൂരിെൻറ പ്രിയപ്പെട്ടവരാണ്. പെരുമ്പാവൂർ വെങ്ങോലയിലാണ് പ്രശസ്ത പത്രപ്രവർത്തക ലീലാമേനോൻ ജനിച്ചത്. ഹോങ്കോങ്ങില്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ഹോങ്കോങ് ബിസിനസ് എന്നീ പത്ര സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം എഡിറ്ററായിരുന്ന എം.പി. ഗോപാലനും മാതൃഭൂമി പത്രാധിപരായിരുന്ന കെ.കെ. ശ്രീധരൻ നായരും പെരുമ്പാവൂരിൽ നിന്നുള്ള മാധ്യമ മേഖലയിലെ അതികായകരായിരുന്നു. പി.േഗാവിന്ദപ്പിള്ളയുടെ സഹോദരനാണ് പരേതനായ എം.പി ഗോപാലൻ. പി.ഗോവിന്ദപ്പിള്ളയുടെ മക്കളും പ്രശസ്ത പത്രപ്രവർത്തകരുമായ എം.ജി. രാധാകൃഷ്ണനും ആർ.പാർവതീ ദേവിയും ടെലിവിഷൻ ജേണലിസത്തിൽ ശ്രദ്ധേയായ സിന്ധുസൂര്യകുമാറും പെരുമ്പാവൂരുകാർ തന്നെ. പ്രശസ്ത കോളം എഴുത്തുകാരനും പ്രമുഖ മനോരോഗ ചികിത്സകനുമായ ഡോ.സി.ജെ.ജോൺ,സൈക്യാട്രിസ്റ്റ് ഡോ.സി.കെ.സുദർശൻ, കാൻസർ ചികിത്സ വിദഗ്ധൻ ഡോ.പി.ആർ. ശശീന്ദ്രൻ തുടങ്ങിയവരും പെരുമ്പാവൂരുകാരാണ്. പെരുമ്പാവൂരിൽ സ്ഥിരതാമസക്കാരനായ ലോക പ്രശസ്ത പക്ഷി ശാസ്ത്രഞ്ജൻ ഡോ.സാലീം അലിയുടെ വത്സല ശിഷ്യൻ ഡോ.ആർ. സുഗതൻ പെരിയാർ തീരത്തെ താന്നിപ്പുഴക്കാരനാണ്. മധ്യപ്രദേശിൽ ഫാഷിസ്റ്റ് കാപാലികരാൽ വധിക്കപ്പെടുകയും പിന്നീട് ആഗോള കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്ത പുല്ലുവഴിയിൽ നിന്നുള്ള സിസ്റ്റർ റാണിമരിയ പെരുമ്പാവൂരിെൻറ പ്രിയപ്പെട്ട മകളും സഹോദരിയുമാണ്. കുറുപ്പംപടിയിൽ ജനിച്ച് പഠിച്ച് വളർന്ന എഴുത്തുകാരനും മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനുമായ േഡാ.ഡി.ബാബുപോളും സെൻട്രൽ സർവിസിലെ മുതിർന്ന െഎ.എ.എസുകാരനായിരുന്ന സഹോദരൻ റോയ് പോളും പെരുമ്പാവൂരിെൻറ എക്കാലത്തേയും അഭിമാനങ്ങളാണ്. മധ്യതിരുവിതാംകൂറിൽ ജനിച്ച ആദ്യത്തെ മുസ്ലിം പത്രാധിപയായ ഹലീമ ബീവിയുടെയും കോട്ടയം കിടങ്ങൂരിൽ ജനിച്ച മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുമൊക്കെ പെരുമ്പാവൂർ തട്ടകമാക്കിയ പ്രമുഖരായിരുന്നു. മുൻസ്പീക്കറും മന്ത്രിയും യു.ഡി.എഫ് കൺവീനറുമായ പി.പി. തങ്കച്ചനും മുൻ മന്ത്രിയും റബർ മാർക്ക് ചെയർമാനുമായ ടി.എച്ച്. മുസ്തഫയും പെരുമ്പാവൂരിെൻറ പെരുമ പരത്തിയ പ്രമുഖരാണ്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും റോഡ് നിർമാണത്തിൽ പുതിയ ചരിത്രം തുന്നിച്ചേർത്ത ഇ.കെ.കെ ഗ്രൂപ്പിെൻറ ചെയർമാൻ ഇ.കെ. കുഞ്ഞുമുഹമ്മദ് പെരുമ്പാവൂർനിന്നാണ് തുടക്കമിട്ടത്. പെരുമ്പാവൂരിലെ മരവ്യവസായത്തിെൻറ തലതൊട്ടപ്പന്മാരായിരുന്നു കാളച്ചന്തക്ക് അടുത്തുള്ള പരീത് സാഹിബും മുടിക്കലിലെ ജലാൽ മുഹമ്മദും അടക്കമുള്ള പ്രമുഖർ. -----വി.ആർ. രാജമോഹൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.