നാടൻ മിഠായിയുടെ മധുരിക്കുന്ന ഒാർമകളിൽ അച്ചൻകുഞ്ഞ്​

ഹരിപ്പാട്: നാടൻ മിഠായികൾ നിർമിക്കുകയും നാടുമുഴുവൻ കറങ്ങി വിൽപന നടത്തുകയും ചെയ്ത അച്ചൻകുഞ്ഞി​െൻറ മനസ്സ് നിറയെ മധുരിക്കും ഓർമകൾ മാത്രം. ഹരിപ്പാട് പടിഞ്ഞാേറനട തറയിൽ വീട്ടിൽ താമസിക്കുന്ന 70കാരന് പരിഭവം ഒന്നുമാത്രം. നാടും നാട്ടുകാരും നാടൻ മിഠായികളെ മറന്നു. കടുത്ത ജീവിതപ്രയാസങ്ങളും കഷ്ടപ്പാടും കാരണം അച്ചൻകുഞ്ഞ് നാലാം ക്ലാസിൽ പഠിത്തം നിർത്തി. 15ാം വയസ്സിൽ കപ്പലണ്ടിയും മിഠായികളും വിൽക്കാനിറങ്ങി. വലിച്ചുനീട്ട് മിഠായി, പഞ്ചാരമിഠായി, അണുഗുണ്ട്, ശർക്കര മിഠായി, സേമിയ മിഠായി, കപ്പലണ്ടി മിഠായി, എള്ളുമിഠായി, വെട്ട് മിഠായി ഇങ്ങനെ പോകുന്നു പഴയകാല മിഠായികൾ. പഴമക്കാരുടെ നാവിൽ ഇന്നും വെള്ളമൂറുന്നവയാണ് ഈ മിഠായികൾ ഒാരോന്നുമെന്ന് അച്ചൻകുഞ്ഞ് പറയുന്നു. മായമില്ലാത്ത ഇവയെക്കുറിച്ച് പുതുതലമുറ കേട്ടിട്ടുതന്നെയില്ല. അന്നത്തെ കാലത്ത്് തന്നോടൊപ്പം കച്ചവടം ചെയ്തവർ പലരും ഇന്നില്ല. ഹൈദ്രോസ്, അലിയാർ കുഞ്ഞ് എന്നീ കൂട്ടുകാരെ ഓർക്കുന്നുണ്ട്. മടക്കാനും നിവർത്താനും പറ്റുന്ന സ്റ്റാൻഡ് നിവർത്തി അതിന് മുകളിൽ നാലുവശത്തോടുകൂടിയ പെട്ടിപോലുള്ള തട്ടിൽ മിഠായികൾ നിരത്തിയാണ് വിൽപന. 40 വർഷം മുമ്പുള്ള സ്റ്റാൻഡ് അച്ചൻകുഞ്ഞ് നിധിപോലെയാണ് സൂക്ഷിക്കുന്നത്. കാലണ, ഒരണ, ഒരുപൈസ, രണ്ടുപൈസ, അഞ്ചുപൈസ, 10 പൈസ എന്നിങ്ങനെയായിരുന്നു വില. കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നാണ് മിഠായി ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങിയിരുന്നത്. ശർക്കര മിഠായി, വലിച്ചുനീട്ട് മിഠായി എന്നിവ ശർക്കര പാവ് കാച്ചി ഏലക്ക, നറുനീണ്ടി, കുരുമുളക് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്. ഹരിപ്പാട് ഗവ. ബോയ്സ് സ്കൂൾ, ഗവ. ഗേൾസ് സ്കൂൾ, മലയാളം യു.പി സ്കൂൾ എന്നിവയുടെ പരിസരം, ക്ഷേത്ര പരിസരം, ഡാണാപ്പടിയിലെ പഴയ ശ്രീകുമാർ തിയറ്ററി​െൻറ മുൻവശം എന്നിവിടങ്ങളായിരുന്നു പ്രധാന കച്ചവട സ്ഥലങ്ങൾ. കൊയ്ത്തുകാലമായാൽ കരുവാറ്റ, ചെറുതന പാടശേഖരത്തിൽ നാരങ്ങവെള്ളം കച്ചവടത്തോടൊപ്പം മിഠായി കച്ചവടവും നടത്തിയതിൽനിന്ന് ജീവിക്കാൻ വക കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അച്ചൻകുഞ്ഞി​െൻറ രണ്ട് ആൺമക്കളും ഏക മകളും വിവാഹം കഴിഞ്ഞതോടെ മാറി താമസിക്കുന്നു. ഇന്ന് വീടിനോട് ചേർന്ന് ഒരുമുറി കടയിൽ ചെറിയ സ്റ്റേഷനറി, മുറുക്കാൻ കടയുണ്ട്. ഇൗ കച്ചവടംതന്നെയാണ് ഭാര്യ ലൂസിക്കും അച്ചൻകുഞ്ഞിനുമുള്ള ജീവിതമാർഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.