ലോകത്തെ ഏറ്റവും വലിയ വ്യവസായ മ്യൂസിയം ആലപ്പുഴയിൽ

ആലപ്പുഴ: ലോകത്തെ ഏറ്റവും വലിയ വ്യവസായ മ്യൂസിയം 30 കോടി രൂപ ചെലവിൽ ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഗുജറാത്തി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 28, 29 തീയതികളിൽ ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന സെമിനാറി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെത്തുന്ന സഞ്ചാരികൾക്ക് നഗരത്തി​െൻറ വ്യത്യസ്ത പൈതൃക പ്രൗഢി അറിയാൻ ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകളൊരുക്കുകയാണ് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായ പൈതൃക സംരക്ഷണ പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴയിലെ തൊഴിലാളി യൂനിയ​െൻറ ചരിത്രം, കയർ മേഖലയുടെ ചരിത്രം അടക്കം ആലപ്പുഴയുടെയും കേരളത്തി​െൻറയും വ്യവസായ ചരിത്രം വ്യവസായ മ്യൂസിയത്തിലൂടെ സന്ദർശകർക്ക് പകർന്നുനൽകും. പഴയ കെട്ടിടങ്ങൾ പ്രൗഢിയോടെ നിലനിർത്താനുള്ള പ്രവർത്തനങ്ങളും നിർമാണങ്ങളും നടക്കും. ഇതുകൂടാതെ, ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയവും ഗുജറാത്തി ചരിത്രമ്യൂസിയവും സ്ഥാപിക്കും. പുരാതന വീടുകളും സ്ഥാപനങ്ങളും ഗുജറാത്തി തെരുവും ക്ഷേത്രങ്ങളും സ്കൂളും ഉടമസ്ഥരുടെ അനുവാദത്തോടെ സംരക്ഷിച്ച് പ്രൗഢിയും തനിമയും നിലനിർത്തും. അവ സംരക്ഷിക്കാനുള്ള നിർമാണപ്രവർത്തനം എന്തൊക്കെ നടത്തണം എന്നത് പഠിക്കാൻ ആർക്കിടെക്ടുമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ കെട്ടിടത്തി​െൻറ രൂപരേഖ പരിശോധിച്ച് പഠനം തുടങ്ങി. പദ്ധതിയുടെ അന്തിമരൂപം സെമിനാറിലൂടെ ഉരുത്തിരിയുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ പ്രധാന കനാലുകളുടെ ശുചീകരണത്തിനുള്ള ടെൻഡർ ഈ മാസം വിളിക്കും. കനാലി​െൻറ ഇരുവശത്തും സന്ദർശകരെ ആകർഷിക്കുംവിധം കാഴ്ചകളൊരുക്കും. സെമിനാറി​െൻറയും പദ്ധതിയുടെയും വെബ്സൈറ്റ് അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ, കെ.സി. വേണുഗോപാൽ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് എന്നിവർ രക്ഷാധികാരികളായും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചെയർമാനായും ആലപ്പുഴ മെഗാ ടൂറിസം പദ്ധതി സ്പെഷൽ ഓഫിസറായ എൻ. പദ്മകുമാർ കൺവീനറായും സെമിനാറിന് വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചു. ആലപ്പുഴയിലെത്തിയ ഗുജറാത്തി കുടുംബങ്ങളിൽനിന്ന് തിരികെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയവരടക്കം പങ്കെടുക്കുന്ന സെമിനാറിലൂടെ ആലപ്പുഴയിലെ ഗുജറാത്തി കച്ചവടചരിത്രമടക്കം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ആലപ്പുഴ മെഗാ ടൂറിസം പദ്ധതി സ്പെഷൽ ഓഫിസർ എൻ. പദ്മകുമാർ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, കല്ലേലി രാഘവൻപിള്ള, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ഡോ. പ്രതിമ ആശ, കേരള ഗുജറാത്തി സമാജം പ്രസിഡൻറ് ചന്ദ്രകുമാർ പാലിയ, വാസന്തി ഭാട്യ, ഹരീഷ് വേദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.