പറവൂർ: വടക്കേക്കര സത്താർ ഐലൻഡിലെ മാട്ടുമ്മൽ ശശിക്കും കുടുംബത്തിനും ഇത്തവണത്തെ ഓണം അവിസ്മരണീയമായി. നിർധന കുടുംബമായ ശശിക്ക് ചെട്ടിക്കാട് സെൻറ് ആൻറണീസ് ദേവാലയത്തിലെ വിദ്യാർഥികൾ സമാഹരിച്ച തുക കൊണ്ടാണ് വീട് നിർമിച്ചത്. സ്വന്തമായി കിടപ്പാടം ഇല്ലാതിരുന്ന ഈ കുടുംബത്തിന് രണ്ട് കിടപ്പുമുറിയും ഹാൾ, അടുക്കള എന്നിവ ഉൾപ്പെടുന്ന വീടാണ് നിർമിച്ചുനൽകിയത്. കഴിഞ്ഞ ഈസ്റ്ററിന് മുന്നോടിയായാണ് കാരുണ്യഭവനസഹായ നിധിയെന്ന പേരിൽ സഹായസമാഹരണം ആരംഭിച്ചത്. ഇടവകയിലെ എല്ലാ കുടുംബത്തിലും സംഭാവനപ്പെട്ടികൾ വെച്ചാണ് തുക കണ്ടെത്തിയത്. കുട്ടികൾ ജന്മദിനാഘോഷങ്ങൾക്ക് കരുതിയിരുന്ന തുകയും ഇതിലേക്ക് നൽകിയത് കാര്യങ്ങൾ വേഗത്തിലാക്കാൻ സഹായിച്ചു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 11 വീടുകൾ കാരുണ്യഭവന പദ്ധതിയിലൂടെ പൂർത്തിയാക്കാൻ കഴിഞ്ഞു. ജാതി-മത ചിന്തകൾക്ക് അതീതമായി കുട്ടികളുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് ഏവരുെടയും പിന്തുണയും പ്രോത്സാഹനവും ലഭിച്ചതായി വികാരി ഫാ.ജോയ് കല്ലറയ്ക്കൽ പറഞ്ഞു. പുതുതായി നിർമിച്ച വീട് കോട്ടപ്പുറം രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി ആശീർവദിച്ചു.വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ് താക്കോൽദാനം നിർവഹിച്ചു. ഫാ.ആൻറണി അറയ്ക്കൽ, ഫാ.ജോയ് കല്ലറയ്ക്കൽ, ഫാ.ജയിംസ് അറക്കത്തറ, ജോബി ജോർജ്, വാർഡ് അംഗം അഡ്വ.സിംല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.