മരട്: ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തിയായ മഴയിൽ ദേശീയ പാതയിലടക്കം മരടിലെ നാലോളം റോഡുകൾ വെള്ളത്തിനടിയിലായി. കാളാത്തറ സ്കൂൾ വരേയുള്ള ഭാഗമാണ് വെള്ളക്കെട്ടിലായത്. ജയന്തി റോഡ്, കാട്ടിത്തറ സഹകരണറോഡ്, അയിനി റോഡ്, എന്നിവിടങ്ങളിൽ വെള്ളക്കെട്ടായി. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം കാനകളിൽ കെട്ടിക്കിടന്ന് നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിനിടയാക്കിയത്. മരടിലെ കാനകളെല്ലാം ചേരുന്ന അയിനിത്തോട് മാലിന്യം കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ടതും വെള്ളക്കെട്ടിനുള്ള പ്രധാന കാരണമാണ്. അയിനിത്തോട്ടിലെ മാലിന്യം കോരി നീക്കി ശുചീകരിച്ച് സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി റസിഡൻറ്സ് അസോസിയേഷൻ അടക്കം വിവിധ സംഘടനകൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വെള്ളക്കെട്ടുണ്ടായ മരടിൽ ഞായറാഴ്ച രാവിലെ റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു. സബ് കലക്ടർ ഷീലാദേവിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് തഹസിൽദാർ വൃന്ദാ മോഹൻ, സൂപ്രണ്ട് നൂറുല്ലാ ഖാൻ, മരട് വില്ലേജ് ഓഫിസർ ഷമ്മി ഗംഗാധരൻ എന്നിവരാണ് സ്ഥലത്തെത്തിയത്. അയിനിത്തോട് ദേശീയപാതയിലേക്കെത്തി വെള്ളം ഒഴുകിപ്പോകുന്ന കലുങ്കിലൂടെ വിവിധ കമ്പനികൾ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും കേബിളുകളും സംഘം പരിശോധിച്ചു. തുടർന്ന് സബ് കലക്ടരുടെ നിർദേശമനുസരിച്ച് വെള്ളക്കെട്ടിന് കാരണമായ കലുങ്കിനടിയിൽ കുമിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.