ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി സാമൂഹികവിരുദ്ധർ 'കൈയടക്കി'; രോഗികളും കൂട്ടിരിപ്പുകാരും പ്രയാസത്തിൽ

മട്ടാഞ്ചേരി: സാധാരണക്കാരുടെ ആശ്രയമായ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. രോഗികളും കൂട്ടിരിപ്പുകാരും പ്രയാസത്തിൽ. കുട്ടികളുടെ വാര്‍ഡിന് സമീപത്താണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമായത്. കുട്ടികളുടെ വാര്‍ഡ് സ്ഥിതി ചെയ്യുന്നത് ആശുപത്രി വളപ്പിലെ കിഴക്ക് ആളൊഴിഞ്ഞ ഭാഗത്താണ്. ഇവിെട രോഗികളുടെ എണ്ണവും കുറവായിരിക്കും. പലപ്പോഴും വിരലിൽ എണ്ണാവുന്നവരായിരിക്കും ഈ വാര്‍ഡിലുണ്ടാകുന്നത്. ആശുപത്രിയുടെ ചുറ്റുമതിൽ ഉയരം കുറഞ്ഞതുമാണ്. ഇതിലൂടെയാണ് സാമൂഹികവിരുദ്ധര്‍ ആശുപത്രിവളപ്പിലേക്ക് പ്രവേശിക്കുന്നത്. മദ്യപിച്ചും മറ്റും ആശുപത്രി വളപ്പിലേക്കെത്തുന്ന സാമൂഹികവിരുദ്ധര്‍ ഇവര്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. ആശുപത്രിയിലെ മറ്റ് വാര്‍ഡുകള്‍ നഴ്സിങ് റൂമിനോടടുത്താണ് സ്ഥിതിചെയ്യുന്നത്. എന്നാൽ, കുട്ടികളുടെ വാര്‍ഡാകട്ടെ ഏറെ അകലെയും. ഇവിടെനിന്ന് ഒച്ചവെച്ചാല്‍പോലും മറ്റ് ഭാഗങ്ങളിലേക്ക് കേള്‍ക്കണമെന്നില്ല. കഴിഞ്ഞദിവസം ശല്യം സഹിക്കവയ്യാതെ ഒരു സ്ത്രീ കുഞ്ഞുമായി ഗര്‍ഭിണികള്‍ കിടക്കുന്ന ഭാഗത്തേക്ക് മാറിയ സംഭവമുണ്ടായി. ഇവിടെ ആവശ്യത്തിന് ഫാന്‍ ഇല്ലാത്തതിനാല്‍ കടുത്ത ചൂടാണ്. പകല്‍ രോഗികള്‍ പലരും പുറത്ത് െചലവഴിക്കാറാണ് പതിവ്. കുട്ടികളുടെ വാര്‍ഡില്‍ നഴ്സിങ് റൂം സ്ഥാപിക്കുകയോ രാത്രി ആശുപത്രിക്ക് സമീപം പൊലീസ് പട്രോളിങ് ശക്തമാക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. (പടം) കെ.എസ്.എഫ്.ഇ പ്രവാസിബന്ധു സംഗമം മട്ടാഞ്ചേരി: പ്രവാസികള്‍ക്കായി കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന ചിട്ടി പദ്ധതി വിശദീകരണവുമായി ബന്ധപ്പെട്ട് കൊച്ചി നിയോജകമണ്ഡലത്തില്‍ നടന്ന പ്രവാസിബന്ധു സംഗമം കെ.ജെ. മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷൈനി മാത്യു അധ്യക്ഷത വഹിച്ചു. കൊച്ചി മണ്ഡലത്തിലെ പ്രധാന കിഫ്ബി പദ്ധതികളുടെ അവതരണവും നടന്നു. ഗസല്‍ ഗായകന്‍ ഉമ്പായിയെ ചടങ്ങില്‍ ആദരിച്ചു. കെ.എസ്.എഫ്.ഇ ഡയറക്ടര്‍ വി.കെ. പ്രസാദ് കിഫ്ബി- പ്രവാസി ചിട്ടി സംബന്ധ ആശയവിനിമയത്തിന് നേതൃത്വം നല്‍കി. കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, കൗണ്‍സിലര്‍ കെ.കെ. കുഞ്ഞച്ചന്‍, ജില്ല പഞ്ചായത്ത് അംഗം അനിത ഷീലന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരന്‍, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാര്‍ട്ടിന്‍ ആൻറണി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്‌സി ജോസി, എം.എം. ഫ്രാന്‍സിസ്, എന്‍.ഐ. സര്‍ദാര്‍, കുടുംബശ്രീ മുന്‍ റീജനല്‍ ഡയറക്ടര്‍ എം.എ. അബൂബക്കര്‍, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എസ്. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. കെ.ഡി. അജിത്കുമാര്‍ സ്വാഗതവും പി.കെ. മുരളീധരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.