അറ്റകുറ്റപ്പണി നടത്താൻ ആരുമില്ല; കച്ചേരി മൈതാനം നാശത്തിലേക്ക്

പറവൂർ: നൂറ്റാണ്ടുകളുടെ പൈതൃക സ്മരണ പേറുന്ന പറവൂർ കച്ചേരി മൈതാനം സംരക്ഷിക്കാൻ ആളില്ലാതെ നാശത്തി​െൻറ വക്കിൽ. കോടതി സമുച്ചയങ്ങളും മിനി സിവിൽ സ്റ്റേഷനും മറ്റ് സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്ന കച്ചേരി മൈതാനത്തിന് രാജഭരണം മുതലുള്ള കഥ പറയാനുണ്ട്. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ സമരകാലത്ത് മഹാത്മ ഗാന്ധി കച്ചേരി മൈതാനിയിൽ പ്രസംഗിച്ചിരുന്നു. അദ്ദേഹത്തി​െൻറ അർധകായ പ്രതിമ കച്ചേരി മൈതാനിയിൽ സ്ഥാപിച്ചിട്ടുണ്ട്. സാമൂഹികവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമായിരുന്ന മൈതാനം ഏതാനും വർഷം മുമ്പ് വി.ഡി. സതീശൻ എം.എൽ.എ പ്രത്യേക താൽപര്യമെടുത്താണ് സൗന്ദര്യവത്കരിക്കാൻ തീരുമാനിച്ചത്. ടൂറിസം വകുപ്പ് ഒന്നേ മുക്കാൽ കോടിയോളം രൂപ ചെലവഴിച്ച് മൈതാനിയുടെ മുഖഛായതന്നെ മാറ്റിയെടുത്തു. നടപ്പാതകൾ, പാർക്കിങ് ഏരിയ, ശുചിമുറികൾ, അലങ്കാര വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ സജ്ജീകരിച്ചു. സൗന്ദര്യവത്കരണത്തി​െൻറ ആദ്യഘട്ടത്തിൽതന്നെ ചിലർ മുറുമുറുപ്പും സമരവുമായി രംഗത്തുവന്നെങ്കിലും പിന്നീട് കെട്ടടങ്ങി. എന്നാൽ, പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു. മൈതാനത്തി​െൻറ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സൗന്ദര്യവത്കരണശേഷം സംരക്ഷണം ടൂറിസം വകുപ്പ് ഏറ്റെടുത്തു. അതോടൊപ്പം പരിപാലനവും ശുചീകരണവും നഗരസഭക്കാണ്. വൈദ്യുതി ചാർജ് നൽകേണ്ടതും നഗരസഭയാണ്. മൂന്നുവർഷം മുമ്പ് സ്ഥാപിച്ച ടൈലുകൾ പലതും ഇളകി കുഴിയായി വെള്ളം കെട്ടിക്കിടക്കുന്നു. വാഹനമിടിച്ച് നിലംപൊത്തിയ അലങ്കാര വിളക്കുകൾ അതേപടിയുണ്ട്. അലങ്കാര വിളക്കുകൾ തെളിഞ്ഞിട്ട് നാളുകളായി. പരിചരണത്തിനും ശുചീകരണത്തിനും മറ്റും തുക കണ്ടെത്താൻ മൈതാനിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും അഭിഭാഷകർ അടക്കമുള്ളവരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. വൈദ്യുതി ചാർജ് അടക്കാതായതോടെ അലങ്കാര വിളക്കുകൾ കണ്ണടച്ചു. പ്രവേശന കവാടത്തിലെ ടൈലുകൾ തകർന്നു. ഇവിടെ വെള്ളക്കെട്ടുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നു. ശൗചാലയവും പ്രവർത്തിക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങൾ മൈതാനിയിൽ പാർക്ക് ചെയ്യുന്നുണ്ട്. വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്തിയാൽ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.