പാട്ടിദാർ സമിതിയുടെ സമ്മർദം; ഗുജറാത്തിൽ കോൺഗ്രസ്​ നാല്​ സ്​ഥാനാർഥികളെ മാറ്റി

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭതെരെഞ്ഞടുപ്പിൽ ഹാർദിക് പേട്ടൽ നയിക്കുന്ന പാട്ടിദാർ അനാമത് ആന്ദോളൻ സമിതിയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം. പാട്ടിദാർ സമിതിയുടെ (പി.എ.എ.എസ്) സമ്മർദത്തെതുടർന്ന് കോൺഗ്രസ് നാല് സ്ഥാനാർഥികളെ മാറ്റി. ഒമ്പതുസ്ഥാനാർഥികളെ കൂടി കോൺഗ്രസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രാദേശിക രാഷ്ട്രീയവികാരം കണക്കിലെടുത്താണ് സ്ഥാനാർഥികളെ മാറ്റിയതെന്ന് കോൺഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു. മൂന്നുമണ്ഡലങ്ങൾ ഭാരതീയ ട്രൈബൽ പാർട്ടിക്ക് നൽകി. ശരദ് യാദവിനെ അനുകൂലിക്കുന്ന മുൻ ജെ.ഡി.യു എം.എൽ.എ ചോട്ടുഭായ് വാസവയാണ് ഭാരതീയ ട്രൈബൽ പാർട്ടി രൂപവത്കരിച്ചത്. ജുനഗഡ്, ബറൂച്ച്, കംറേജ്, വരാച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയാണ് പുതിയപേരുകൾ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ സ്ഥാനാർഥികൾ സാമൂഹികവിരുദ്ധരാണെന്നാണ് പാട്ടിദാർ സമിതി പ്രവർത്തകരുടെ ആരോപണം. വരാച്ചയിൽ വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയയുടെ ബന്ധു പ്രഫുൽ തൊഗാഡിയയെയായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇദ്ദേഹത്തെയും നീക്കി. പ്രവീൺ തൊഗാഡിയക്കുപകരം ധിരു ഗജേരിയയാണ് മത്സരിക്കുക. ചൊവ്വാഴ്ച പ്രഖ്യാപിച്ച ലിസ്റ്റിൽ ഒരു മുസ്ലിമും ഒരു വനിതയുമുണ്ട്. ഇതോടെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം സ്ഥാനാർഥികളുടെ എണ്ണം നാലും വനിതകൾ മൂന്നുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.