കുഴികൾ നിറഞ്ഞ് ആലുവ നഗരത്തിലെ റോഡുകൾ

ആലുവ: നഗരത്തിലെ റോഡുകളിൽ കുഴികൾ ഒഴിഞ്ഞ് ഒരു ഇടവുമില്ല. പലതും മരണക്കുഴികളായിട്ടുപോലും അധികാരികൾക്ക് കുലുക്കവുമില്ല. കുഴികൾ ഗതാഗത ക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കിയിട്ടും പ്രശ്നപരിഹാരം കാണാൻ ആരും തയാറാകുന്നില്ല. ഇത്തരത്തിൽ നഗരത്തി‍​െൻറ പൊതുവിഷയങ്ങളിൽ ഉത്തരവാദിത്തം ഏൽക്കാനോ പരിഹാരം കാണാനോ ആരെയും കിട്ടാറില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ, കൗൺസിലർമാർ തുടങ്ങിയവരുണ്ടെങ്കിലും ഈ ആക്ഷേപം നിലനിൽക്കുന്നു. ആലുവ അദ്വൈതാശ്രമത്തിന് മുന്‍വശത്തെ കുഴിയില്‍ പതിവായി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നു. ബസ് കുഴിയില്‍ ചാടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് തിങ്കളാഴ്ച രാവിലെ സ്‌കൂട്ടറിലിടിച്ച് ഫെഡറല്‍ ബാങ്ക് ജീവനക്കാരിയായ യുവതി തൽക്ഷണം മരിച്ചത്. ബസിന് അമിതവേഗമുണ്ടായിരുന്നെങ്കിലും കുഴിയും വില്ലനായി മാറി. ആലുവ ബ്രിഡ്ജ് റോഡിൽ, 60 വര്‍ഷം പഴക്കമുള്ള പൈപ്പ് ലൈനുകളാണ് എക്കാലവും കുഴികളുണ്ടാക്കുന്നത്. ആലുവ പാലസിന് മുന്‍വശം മുതല്‍ പമ്പ് കവല വരെയുള്ള റോഡാണ് നിരന്തരം തകരുന്നത്. കാലപ്പഴക്കമുള്ള പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതും റോഡിലൂടെ വെള്ളമൊഴുകുന്നതും മൂലമാണ് റോഡുകള്‍ തകരുന്നത്. പൈപ്പ് അറ്റകുറ്റപ്പണി നടത്താൻ ഈ ഭാഗത്തെ റോഡുകളില്‍ കുഴിയെടുക്കുന്നതും പതിവാണ്. അതിനുശേഷം കൃത്യമായി ടാര്‍ ചെയ്യാത്തതുമൂലം വന്‍ കുഴികൾ രൂപപ്പെടുന്നു. കോണ്‍ക്രീറ്റ് ഉപയോഗിച്ച് ചിലയിടങ്ങളില്‍ താൽക്കാലികമായി കുഴി അടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ക്രീറ്റ് മിശ്രിതവും ഏറെനാള്‍ നീണ്ടുനില്‍ക്കാതെ പൊളിയുന്നു. പൈപ്പുകൾ ഉടൻ മാറ്റുമെന്ന് കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് എം.എൽ.എ പറഞ്ഞിരുന്നു. എന്നാൽ, ഇത് പ്രസ്താവനയിൽ മാത്രം ഒതുങ്ങി. പുതിയ പൈപ്പുകള്‍ സ്‌ഥാപിക്കാൻ 5.75 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് ജല അതോറിറ്റി അധികൃതര്‍ ഇപ്പോൾ പറയുന്നത്. 4100 മീറ്റര്‍ എ.സി പൈപ്പുകളാണ് മാറ്റുന്നത്. ആലുവ ബാങ്ക് കവല മുതല്‍ പമ്പുകവല വരെയുള്ള ഭാഗത്ത് 1500 മീറ്റര്‍ നീളത്തില്‍ 500 എം.എം പുതിയ ഡി.ഐ പൈപ്പുകളാണ് സ്‌ഥാപിക്കാനുദ്ദേശിച്ചിട്ടുള്ളത്. ബാക്കിയുള്ള സ്‌ഥലങ്ങളില്‍ 110 എം.എം. എ.സി പൈപ്പിന് പകരം 160 എം.എം. ഡി.ഐ പൈപ്പുകള്‍ സ്‌ഥാപിക്കാനുമാണ് പദ്ധതി. എന്നാൽ, പദ്ധതി എന്ന് യാഥാർഥ്യമാകുമെന്ന് ആർക്കും അറിയില്ല. ഇതും പ്രഖ്യാപനത്തിലൊതുങ്ങുമോ എന്ന ആശങ്കയാണ് നാട്ടുകാർക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.