കാലപ്പഴക്കം ചെന്ന ബഹുനിലകെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി ആരോപണം

ആലുവ: കാലപ്പഴക്കം ചെന്ന സ്വകാര്യ ബഹുനില കെട്ടിടം അപകട ഭീഷണി ഉയര്‍ത്തുന്നതായി ആരോപണം. ബാങ്ക് കവല മാര്‍ക്കറ്റ് റോഡില്‍ ഗ്രാൻഡ് ഹോട്ടലിന് സമീപത്തെ മൂന്നുനില കെട്ടിടമാണ് ജീര്‍ണാവസ്ഥയിലുള്ളത്. 80 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന് കാര്യമായ ബലക്ഷയമുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സമീപകാലത്തായി കെട്ടിടത്തിന് തകര്‍ച്ചയുണ്ട്. തിരക്കേറിയ റോഡിന് സമീപമുള്ള കെട്ടിടത്തില്‍ വ്യാപാര സ്‌ഥാപനങ്ങളും ചില സംഘടനകളുടെ ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. നാശോന്മുഖമായ കെട്ടിടത്തിൽ ഇവ പ്രവർത്തിക്കുന്നത് വലിയ ദുരന്തത്തിന് കാരണമായേക്കും. ഇക്കാര്യങ്ങള്‍ നാട്ടുകാർ നഗരസഭ അധികൃതരെ ഉൾപ്പെടെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വ്യാപാരികളോട് ഒഴിയണമെന്ന് അറിയിച്ച് നഗരസഭ അധികൃതര്‍ വിഷയം മറന്നമട്ടാണ്. കഴിഞ്ഞ ദിവസം കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ കെട്ടിടത്തിന് മുകളില്‍ താൽക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. നിയമവിരുദ്ധമായാണ് പണികള്‍ ചെയ്തതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭയിലെ ഉന്നത ഉദ്യോഗസ്‌ഥർ ഉൾപ്പെടെ അതിന് കൂട്ടുനിന്നതായും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.