എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിൽ വീഴ്ച; പരാതിയുമായി വിദ്യാർഥിയുടെ കുടുംബം

ചിത്രം APG 50, 51 തൃക്കുന്നപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണയത്തിലെ അപാകതക്കെതിരെ വിദ്യാർഥിയുടെ രക്ഷിതാക്കൾ രംഗത്ത്. പല്ലന എം.കെ.എ.എം എച്ച്.എസ് വിദ്യാർഥിയായിരുന്ന അജ്മലി​െൻറ മാതാപിതാക്കളാണ് മൂല്യനിർണയത്തിലെ ചട്ട ലംഘനവും അപാകതയും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും പരീക്ഷഭവൻ ജോയൻറ് കമീഷണർക്കും പരാതി നൽകിയത്. അജ്മലിന് ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ ലഭിച്ചത്. ഹിന്ദിക്ക് മാർക്ക് കുറഞ്ഞതിനാൽ അധ്യാപകരുടെ നിർദേശമനുസരിച്ച് പുനർമൂല്യനിർണയത്തിനും ഉത്തരപേപ്പറി​െൻറ പകർപ്പെടുക്കാനും അപേക്ഷ നൽകി. രണ്ട് മാർക്കുള്ള രണ്ടാമത്തെ ചോദ്യത്തിന് ശരിയുത്തരം ടിക്ക് ചെയ്തിട്ടുണ്ടെങ്കിലും മാർക്ക് നൽകിയിട്ടില്ലെന്ന് ഉത്തര പേപ്പറിൽ നിന്ന് വ്യക്തമാകുന്നു. ഉത്തര പേപ്പറി​െൻറ കവർപേജിൽ മാർക്ക് അടയാളപ്പെടുത്തുന്ന കോളത്തിൽ രണ്ടാമത്തെ ചോദ്യത്തിന് ഒന്നും എഴുതിയിട്ടുമില്ല. ഉത്തരം തെറ്റാണെങ്കിൽപോലും പൂജ്യം രേഖപ്പെടുത്തണം എന്നാണ് ചട്ടം. മൂല്യനിർണയം നടത്തിയ അധ്യാപകൻ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് വ്യക്തം. മൂല്യനിർണയ സൂചികകൾ അനുസരിച്ച് നാലിൽ മൂന്നര മാർക്ക് അർഹതയുള്ള മൂന്നാമത്തെ ചോദ്യത്തിന് ശരിയുത്തരം എഴുതിയിട്ടുണ്ടെങ്കിലും രണ്ടര മാർക്കാണ് നൽകിയിട്ടുള്ളത്. പോസ്റ്റർ ഡിസൈനിങ് ആവശ്യപ്പെട്ടുള്ള നാലു മാർക്കി​െൻറ ആറാമത്തെ ചോദ്യത്തിന് ആകർഷണീയതയുടെ മാർക്ക് കുറച്ചാൽത്തന്നെ മൂന്ന് മാർക്ക് ലഭിക്കുമെന്നിരിക്കെ ഒന്നര മാർക്കാണ് നൽകിയിട്ടുള്ളത്. പാഠ്യരീതി അനുസരിച്ച് ഉത്തരം എഴുതാൻ പ്രയാസമുള്ള ചോദ്യമെന്ന് വിമർശനം ഉയർന്ന എട്ട്, പത്ത് ചോദ്യങ്ങൾക്ക് ഉദാരമായി മാർക്ക് നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ അജ്മലിന് മാർക്ക് നൽകിയിട്ടില്ല. രണ്ടു മാർക്കി​െൻറ എട്ടാമത്തെ ചോദ്യത്തിന് പൂജ്യവും നാലു മാർക്കുള്ള പത്താമത്തെ ചോദ്യത്തിന് രണ്ടര മാർക്കുമാണ് നൽകിയത്. അപാകത പരിഹരിച്ചിരുന്നെങ്കിൽ അജ്മലിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നേനെയെന്ന് മാതാപിതാക്കളായ പല്ലന മുശാരിയിൽ അബ്ദുൽ വഹാബും ഭാര്യ സീനത്തും പറയുന്നു. പുനർമൂല്യനിർണയത്തിൽ മാർക്കിൽ വലിയ വ്യത്യാസം വന്നാൽ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകനെയത് പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടാണ് അധ്യാപകർ ഇത്തരം വിഷയങ്ങളിൽ പലപ്പോഴും കണ്ണടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. തുടർപഠനത്തിനുള്ള പ്രവേശന നടപടികൾ നടക്കുന്നതിനാൽ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നു. പല്ലന സ്കൂളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർ 36 പല്ലന എം.കെ.എ.എം.എച്ച് സ്കൂളിൽ ഈ വർഷം 36 കുട്ടികൾ 66 വിഷയങ്ങൾക്കാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചത്. അതിൽ 13 കുട്ടികളുടെ അപേക്ഷയിൽ 14 വിഷയങ്ങളുെട മാർക്കുകളിൽ മാറ്റം വന്നിട്ടുണ്ട്. ഇവരിൽ അജ്മൽ മാത്രമാണ് ഉത്തര കടലാസി​െൻറ പകർപ്പ് എടുത്തത്. ആദ്യം മൂല്യ നിർണയം നടത്തിയ അധ്യാപകനെ ബാധിക്കുമെന്നതിനാൽ പുനർമൂല്യനിർണയത്തിൽ അധികം മാർക്ക് നൽകാറില്ലെന്നും ആക്ഷേപമുണ്ട്. ഇത് പുനർമൂല്യനിർണയത്തി​െൻറ ആധികാരികതയിൽ സംശയം ഉയർത്തുന്നുണ്ട്. അപാകതകൾ പരിഹരിക്കാൻ വേണ്ടിയുള്ള പുനർനിർണയം സർക്കാറിന് വരുമാന മാർഗമായി മാറുന്നതല്ലാതെ വിദ്യാർഥികൾക്ക് ഒരു ഗുണവുമില്ലെന്ന ആക്ഷേപവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.