കുട്ടനാട്ടിൽ ജലനിരപ്പ്​ ഉയർന്നു; മൂന്ന്​ പാടശേഖരങ്ങളിൽ മടവീണു

കുട്ടനാട്: കാലവർഷം ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. ഇതോടെ ബുധനാഴ്ച മൂന്ന് പാടശേഖരങ്ങളിൽ മട വീണു. തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരം, പാണ്ടങ്കരി ഈരാംവേലിൽ പാടം, അയ്യനാട് പാടശേഖരം എന്നിവിടങ്ങളിലാണ് മട വീണത്. വിതക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മടവീഴ്ച. തിങ്കളാഴ്ച രാത്രി പാടശേഖരത്തി​െൻറ നെന്മണി ചിറയിൽ വട്ടക്കായലിനോട് ചേർന്നുള്ള തൂമ്പ് തള്ളിപ്പോകുകയായിരുന്നു. നാട്ടുകാരും പാടശേഖര സമിതിയും ചേർന്ന് ജെ.സി.ബി ഉൾപ്പടെയുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറു മീറ്ററോളം നീളത്തിൽ മട പൂർണമായും തകർന്ന നിലയിലാണ്. നിലമൊരുക്കാൻ ഉപയോഗിച്ച ട്രാക്ടറുകളും മറ്റ് യേന്ത്രാപകരണങ്ങളും വെള്ളത്തിൽ മുങ്ങി. വർഷങ്ങൾക്കുശേഷമാണ് അയ്യനാട് പാടശേഖരത്ത് രണ്ടാം കൃഷി തയാറെടുപ്പ് നടന്നത്. കുട്ടനാട് പാക്കേജിൽപെടുത്തി 16 കോടി രൂപ വിനിയോഗിച്ച് പുറംബണ്ട് നിർമിക്കുന്ന പ്രവൃത്തി മുക്കാൽ പങ്കോളം പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ രണ്ടാം കൃഷി ചെയ്യാനുള്ള തയാറെടുപ്പുമായ് പാടശേഖര സമിതി മുന്നോട്ട് പോയത്. വെള്ളംവറ്റിച്ച ശേഷം ട്രാക്ടർ ഉപയോഗിച്ച് നിലം ഒരുക്കം അവസാന ഘട്ടത്തിലെത്തിയിരിക്കുകയായിരുന്നു. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി ഓഫിസർ പറഞ്ഞു. വിതക്കാൻ ഒരാഴ്ച മാത്രം അവശേഷിക്കെയാണ് തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരത്ത് വ്യാഴാഴ്ച പുലർച്ചയോടെ മട വീണത്. 125 ഏക്കറുള്ള ഇവിടെ 60 കർഷകരാണുള്ളത്. വിതയ്ക്കാനായി ജോലി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മട വീണത്. എടത്വ കൃഷിഭവൻ പരിധിയിൽപെട്ട പാണ്ടങ്കരി ഈരാംവേലിൽ പാടശേഖരത്ത് വിതയിറക്കി 60 ദിവസം പിന്നിട്ട രണ്ടാംകൃഷിയാണ് മടവീഴ്ചയിൽ മുങ്ങിയത്. രാവിലെ മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. പാടശേഖര ബണ്ടിലെ കലുങ്ക് പാലത്തിന് താഴെയാണ് മടവീഴ്ചയുണ്ടായത്. കർഷകർ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണിക്കൂറുകൾക്കകം ഈരാംവേലിൽ പാടം വെള്ളത്തിൽ മുങ്ങി. മുപ്പതര ഏക്കർ വിസ്തൃതിയുള്ള പാടത്ത് 12 കർഷകരാണ് വിതയിറക്കിയത്. കർഷകർക്ക് ആറു ലക്ഷത്തോളം രൂപ നഷ്ടമായതായി കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.