നഴ്സസ് അസോസിയേഷന്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് പുതിയ മിനിമം വേതനം പ്രഖ്യാപിക്കല്‍ സര്‍ക്കാര്‍ വേഗത്തിലാക്കണമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എൻ.എ) സംസ്ഥാന പ്രസിഡൻറ് ജാസ്മിന്‍ഷ. യു.എന്‍.എ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തീരുമാനമാകുംവരെ സംസ്ഥാനത്തെ അഞ്ചു ജില്ല കേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരം തുടരും. തീരുമാനം വൈകിപ്പിച്ചാല്‍ ആരോഗ്യമേഖല സ്തംഭിപ്പിച്ചുള്ള സമരപരിപാടികളിലേക്ക് കടക്കുമെന്നും യു.എന്‍.എ മുന്നറിയിപ്പ് നല്‍കി. ആശുപത്രികളില്‍ നിസ്സഹകരണം തുടരുമെങ്കിലും ജോലി ബഹിഷ്‌കരിക്കാതെയുള്ള സമരപരിപാടികളാണ് യു.എന്‍.എ ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച സമവായത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.ആര്‍.സി മിനിമം വേജസ് കമ്മിറ്റിക്ക് പൊതുധാരണയിലെത്താനായിരുന്നില്ല. തുടര്‍ന്ന് കമ്മിറ്റിയെ അസ്ഥിരപ്പെടുത്തി തുടര്‍നടപടിക്കായി സര്‍ക്കാറിന് ഫയല്‍ കൈമാറുകയായിരുന്നു. ഇക്കാര്യത്തില്‍ ഇനി വേഗത്തില്‍ നടപടിയെടുത്ത് നഴ്സിങ് മേഖലയെ പരിരക്ഷിക്കണമെന്ന് ജാസ്മിന്‍ഷ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ല ആസ്ഥാനങ്ങളിലും മലപ്പുറം പെരിന്തല്‍മണ്ണയിലുമാണ് നഴ്സുമാര്‍ സത്യഗ്രഹമിരിക്കുന്നത്. എറണാകുളത്ത് നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് ബെല്‍ജോ ഏലിയാസ് അധ്യക്ഷതവഹിച്ചു. ജില്ലസെക്രട്ടറി ഹാരിസ് മണലംപാറ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.