ബഹുജന പങ്കാളിത്തത്തോടെ 24ന് നാടാകെ ശുചീകരണം ^മന്ത്രി ജി. സുധാകരൻ

ബഹുജന പങ്കാളിത്തത്തോടെ 24ന് നാടാകെ ശുചീകരണം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: പനിയടക്കമുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ 24ന് ശുചീകരണ ദിനമാക്കുമെന്നും ബഹുജന പങ്കാളിത്തത്തോടെ ജില്ലയിലെ പൊതുഇടങ്ങളും സ്ഥാപനങ്ങളും ഓഫിസുകളും ശുചീകരിക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിമാരും എം.എൽ.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പൊതുജനങ്ങളും വിവിധ സംഘടനകളും ഉദ്യോഗസ്ഥരും പങ്കെടുത്ത് രാവിലെ ഏഴ് മുതൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തും. സാംക്രമികരോഗങ്ങൾ തടയാനും കൊതുകുനിവാരണം ലക്ഷ്യമിട്ടുമാണിത്. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പൊതുസ്ഥലങ്ങളിലും കനാലുകളിലും മാലിന്യം തള്ളുന്നവർക്കെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും കർശന നടപടി സ്വീകരിക്കണം. ആലപ്പുഴ നഗരത്തിലെ കനാലുകളിലും അമ്പലപ്പുഴ, തോട്ടപ്പള്ളി ഭാഗത്തെ റോഡരികുകളിലും മറ്റും മാലിന്യം തള്ളുന്ന സ്ഥിതിയുണ്ട്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണം. ഹോട്ടലുകളും ലോഡ്ജുകളും ഇതുചെയ്യുന്നുണ്ടെങ്കിൽ പൂട്ടിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രാഥമിക ഉത്തരവാദിത്തമാണ് മാലിന്യദുരീകരണം. ഇതിനുനേർക്ക് കണ്ണടക്കരുത്. ആലപ്പുഴ നഗരത്തിൽ മഴക്കാലത്ത് പ്രത്യേക പൊലീസ് പേട്രാളിങ് ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. മാലിന്യം തള്ളുന്നവർക്ക് പരമാവധി പിഴ നൽകണം. ജനപ്രതിനിധികൾ മാലിന്യം തള്ളുന്നത് തടയാൻ സ്ക്വാഡിനെ നിയോഗിക്കണം. രോഗപ്രതിരോധ-മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിലയിരുത്തുകയും പരിശോധിക്കുകയും വേണം. എല്ലാ ആശുപത്രിയും സജ്ജമായിരിക്കണം. മരുന്നി​െൻറ ലഭ്യതക്കുറവില്ല. ആർക്കും ചികിത്സ കിട്ടാതെയിരിക്കരുത്. ഇത് ഡി.എം.ഒമാർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ രോഗവിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് സംവിധാനം വേണമെന്നും കലക്ടറുടെ നേതൃത്വത്തിൽ ഇവരുടെ യോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മരുന്ന് ക്ഷാമമില്ലെന്നും 25,000 രൂപവീതം ഓരോ വാർഡിനും സർക്കാർ നൽകിയിട്ടുണ്ടെന്നും ശുചീകരണം ബഹുജന മുന്നേറ്റമാകണമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി പരിശോധനക്ക് കൂടുതൽ ലാബുകൾ വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ദേശീയപാതയിൽ തുറവൂർ ആശുപത്രിക്ക് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും അന്ധകാരനഴി പൊഴി മുറിച്ചുവിടാൻ അടിയന്തര നടപടി വേണമെന്നും അഡ്വ. എ.എം. ആരിഫ് എം.എൽ.എ ആവശ്യപ്പെട്ടു. വള്ളികുന്നത്തും തഴക്കരയിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പ്രദേശങ്ങളിൽ കൊതുകുനശീകരണ പ്രവർത്തനം നടത്താൻ കൊല്ലം ജില്ല ഭരണകൂടത്തിന് നിർദേശം നൽകണമെന്നും ആർ. രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. രോഗങ്ങൾ കൂടുതലായി കാണപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കലക്ടർ വീണ എൻ. മാധവൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, എ.ഡി.എം എം.കെ. കബീർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.