ഹരിപ്പാട്: പകർച്ചവ്യാധികൾ നിയന്ത്രണാതീതമായ സാഹചര്യത്തിൽ സ്വന്തം മണ്ഡലത്തിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് നേരിട്ടിറങ്ങി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് സർക്കാറിെൻറ ശുചീകരണപ്രവർത്തനം തൃപ്തികരമല്ലെന്ന് തുറന്നുപറഞ്ഞാണ് ഹരിപ്പാട്ട് സഹപ്രവർത്തകരായ യു.ഡി.എഫ് ജനപ്രതിനിധികളോട് രംഗത്തിറങ്ങാൻ ചെന്നിത്തല ആഹ്വാനം ചെയ്തത്. ''ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. ജനം ബുദ്ധിമുട്ടുമ്പോൾ അവരോടൊപ്പം നിൽക്കേണ്ട ഉത്തരവാദിത്തം തനിക്കും സഹപ്രവർത്തകരായ ജനപ്രതിനിധികൾക്കുമുണ്ട്. അതുകൊണ്ടാണ് ഈ പ്രവർത്തനത്തിന് ഞാൻതന്നെ നേതൃത്വം നൽകുന്നത്'' -ചെന്നിത്തല വ്യക്തമാക്കി. രാവിലെ ഏഴിന് ഹരിപ്പാട് മാധവ ജങ്ഷനിൽനിന്ന് ആരംഭിച്ച ശുചീകരണപ്രവർത്തനത്തിന് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ, ആരോഗ്യരക്ഷ ഉദ്യോഗസ്ഥർ, നഗരസഭ അംഗങ്ങൾ, എസ്.പി.സി, റോട്ടറി ക്ലബ്, വ്യാപാരി വ്യവസായികൾ, എൻ.സി.സി വിദ്യാർഥികൾ എന്നിവരും പിന്തുണയുമായെത്തി. എറണാകുളത്തേക്കുള്ള യാത്രാമധ്യേ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ മാധവ ജങ്ഷനിൽ ഇറങ്ങി രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചു. ചെന്നിത്തലയുടെ പ്രവർത്തനം എല്ലാ ജനപ്രതിനിധികളും മാതൃകയാക്കണം. തുടർന്ന് അതുവഴി കടന്നുപോയ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ എന്നിവരും രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയഭേദമന്യേ പിന്തുണ പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രഫ. സുധ സുശീലൻ, വൈസ് ചെയർമാൻ എം.കെ. വിജയൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബുപ്രസാദ്, കെ.എം. രാജു, ജോൺ തോമസ്, എ.കെ. രാജൻ, കെ.കെ. സുരേന്ദ്രനാഥ്, എം.എസ്.എം കോളജ് മാനേജിങ് കമ്മിറ്റി ചെയർമാൻ ഹിലാൽ ബാബു, റോട്ടറി ക്ലബ് പ്രസിഡൻറ് രജനീകാന്ത് കണ്ണന്താനം, എസ്. ദീപു, ബിനു ചുള്ളിയിൽ, എസ്. വിനോദ്കുമാർ, എം.ആർ. ഹരികുമാർ, അനിൽ ബി. കളത്തിൽ, എം. സജീവ്, വൃന്ദ എസ്. കുമാർ, ശോഭ വിശ്വനാഥ്, രാധാമണിയമ്മ, സുബി പ്രജിത്ത്, സ്മിത പ്രദീപ്, പ്രസന്നകുമാരി, ലേഖ അജിത്, ആർ. രതീഷ്, എൽ. വിജയമ്മ, വിവേക് എന്നിവർ നേതൃത്വം നൽകി. 23 മുതൽ ത്രിദിന ശുചീകരണപ്രവർത്തനവുമായി സി.പി.എം ആലപ്പുഴ: സംസ്ഥാനത്ത് പനി വ്യാപിക്കുന്നത് തടയാനുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുഴുവൻ പാർട്ടി ഘടകങ്ങളും വർഗ, ബഹുജന സംഘടനകളും അനുഭാവികളും സജീവമായി രംഗത്തിറങ്ങണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ അറിയിച്ചു. 23 മുതൽ 25 വരെ പ്രാദേശിക അടിസ്ഥാനത്തിൽ ഏറ്റവും ഫലപ്രദ രീതിയിൽ ശുചീകരണപ്രവർത്തനം നടത്തും. പാർട്ടി നേതാക്കളും ജനപ്രതിനിധികളും ബഹുജന സംഘടന പ്രവർത്തകരും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കാളികളാകും. പനി വ്യാപിക്കുന്നത് തടയാൻ ആവശ്യമായ നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധ സംഘടന പ്രവർത്തകരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വ്യാപക ബോധവത്കരണവും ശുചീകരണപ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ ഓരോ മണ്ഡലത്തിലും ഈ പ്രവർത്തനത്തിന് നേതൃത്വം നൽകും. സി.പി.എം ആലപ്പുഴ തെക്ക്, വടക്ക് ഏരിയ കമ്മിറ്റികൾ ആലപ്പുഴ ജനറൽ ആശുപത്രി കേന്ദ്രീകരിച്ചും അമ്പലപ്പുഴ ഏരിയ കമ്മിറ്റി മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചും ശുചീകരണത്തിന് ഒരുദിവസം പൂർണമായി ചെലവഴിക്കും. ശുചീകരണപ്രവർത്തനത്തിൽ എല്ലാ ബഹുജനങ്ങളും പങ്കാളികളാകണമെന്ന് സജി ചെറിയാൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.