കൊച്ചി: മെട്രോ യാത്ര തുടങ്ങുന്നതിന് ഏറ്റവും പ്രധാന കാരണക്കാർ തങ്ങളാണെന്ന അംഗീകാരം നേടിയെടുത്ത സന്തോഷമായിരുന്നു എസ്.എസ് കലാമന്ദിറിൽ ഒരുമിച്ച് കൂടിയ തൊഴിലാളികളുടെ മുഖത്ത്. കെ.എം.ആർ.എൽ അധികൃതർ നിർമാണ തൊഴിലാളികൾക്കായി സദ്യ നടത്തിയപ്പോൾ വിഭവങ്ങളുടെ സ്വാദായിരുന്നില്ല അവർക്ക് ഇഷ്ടപ്പെട്ടത്. സഹോദരങ്ങളെ പോലെ തങ്ങളെ സ്നേഹിച്ച കൊച്ചിക്കാരുടെ മുഖമായിരുന്നു ആ മനസ്സുകളിൽ. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടുവെന്ന് എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു. കേരളത്തിലെ സ്വാതന്ത്ര്യവും ഉയർന്ന ശമ്പളവുമായിരുന്നു ഏവർക്കും പറയാനുണ്ടായിരുന്നത്. കൊച്ചി മെട്രൊയിൽ ഒന്ന് യാത്ര ചെയ്യണമെന്നതാണ് ഇനി എല്ലാവരുടെയും ആഗ്രഹം. അറുനൂറിലേറെ തൊഴിലാളികളാണ് പങ്കെടുത്തത്. ടി.ഡി റോഡിലെ എസ്.എസ് കലാമന്ദിറിെലാരുക്കിയ സദ്യയിൽ എം.ഡി ഏലിയാസ് ജോർജും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു. തൂശനിലയിൽ തനി കേരളീയ രീതിയിലാണ് സദ്യ ഒരുക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു പങ്കെടുത്തവരിൽ ഭൂരിഭാഗവും. ഉദ്ഘാടനം 17ന് നടക്കാനിരിക്കെയാണ് തൊഴിലാളികൾക്കായി പ്രത്യേക സദ്യ തയാറാക്കിയത്. ഇലയിൽ സദ്യ വിളമ്പിയപ്പോൾ എന്താണിതെന്ന് പരിഭ്രമിച്ചവരും ഉണ്ടായിരുന്നു കൂട്ടത്തിൽ. സാധാരണ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമായിരുന്നതിനാൽ ആദ്യമായി കഴിച്ച സദ്യയെക്കുറിച്ച് നാട്ടിലേക്ക് വിളിക്കുമ്പോൾ പറയാനിരിക്കുകയാണ് പലരും. അസം, തമിഴ്നാട്, ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് തൊഴിലാളികൾ ഏറെയും. മെട്രോ റെയിലുമായി ബന്ധപ്പെട്ട് വർഷങ്ങളായി വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരാണിവർ. മണിപ്പൂര്‍, ത്രിപുര, മിസോറം, ഹിമാചല്‍ പ്രദേശ്, ഭൂട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്തിട്ടുണ്ടെങ്കിലും താനേറെ ഇഷ്ടപ്പെടുന്നത് കേരളമാണെന്ന് അസം സ്വദേശി മുക്തി പറയുന്നു. കാർപെൻറർ ജോലി ചെയ്യുന്ന ഇദ്ദേഹെത്ത ഇവിടത്തെ സമാധാനപൂർണമായ അന്തരീക്ഷമാണ് ഏറെ ആകർഷിച്ചത്. കൊച്ചി മെട്രോ നിർമാണത്തിനാണ് വരുന്നതെന്ന് നാട്ടിൽനിന്നു പുറപ്പെട്ടപ്പോൾ അറിയുമായിരുന്നില്ല. ഇവിടെയെത്തി ജോലി മെട്രോയുമായി ബന്ധപ്പെട്ടാണെന്ന് അറിഞ്ഞതോടെ ഒരുപാട് സന്തോഷമായെന്ന് തൊഴിലാളികൾ പറഞ്ഞു. സദ്യയോടൊപ്പം കലാപരിപാടികളും സംഗീതവും ആസ്വദിച്ചാണ് അവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.