ആലപ്പുഴ: അഞ്ചാംപനിക്കും റൂബെല്ലക്കുമെതിരെ വാക്സിനേഷൻ യജ്ഞം ജൂലൈ 31ന് ആരംഭിക്കും. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മുതൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കുവരെ ഒാരോ ഡോസ് പ്രതിരോധ വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്ന് കലക്ടർ വീണ എൻ. മാധവൻ പറഞ്ഞു. വാക്സിനേഷനുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലതല ടാസ്ക് ഫോഴ്സ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. വാക്സിനേഷൻ പട്ടികയിൽ അഞ്ചാംപനി, റൂബെല്ല പ്രതിരോധ വാക്സിനും ഉൾപ്പെടുത്തുന്നതിെൻറ ഭാഗമായി ആദ്യഘട്ടത്തിൽ ഗോവ, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വാക്സിനേഷൻ യജ്ഞം വിജയകരമായി പൂർത്തീകരിച്ചിരുന്നു. വാക്സിനേഷൻ യജ്ഞം വിജയകരമാക്കാൻ വിദ്യാഭ്യാസ-ഐ.എസ്.എം-ഹോമിയോ-സാമൂഹിക നീതി വകുപ്പുകൾക്ക് കലക്ടർ നിർദേശം നൽകി. ഇതിനായി സ്കൂളുകളിലും അംഗൻവാടികളിലും വിദ്യാർഥികളുടെ എണ്ണമെടുക്കും. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ്, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. പ്രതാപചന്ദ്രൻ, ഡോ. നിഷ, ഡോ. സിറിൽ, ഐ.എ.പി-ഐ.എം.എ-കെ.ജി.എം.ഒ.എ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അഞ്ചാംപനിയും റൂബെല്ലയും തടയാം ആലപ്പുഴ: വാക്സിനേഷനിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രണ്ട് വൈറൽ രോഗങ്ങളാണ് അഞ്ചാംപനിയും റൂബെല്ലയും. കുട്ടികളിലാണ് അഞ്ചാംപനി കൂടുതലായി കണ്ടെത്തുന്നത്. ഇത് പലപ്പോഴും മാരകമാകാറുണ്ട്. ജനനവൈകല്യം (കൺജനിറ്റൽ റൂബെല്ല സിൻേഡ്രാം) ഉണ്ടാക്കുന്ന വൈറൽ രോഗമാണ് റൂബെല്ല. ജന്മനായുണ്ടാകുന്ന വൈകല്യം കുറക്കുകയും അഞ്ചാംപനി നിവാരണവുമാണ് വാക്സിനേഷനിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.