പദ്ധതി നിർവഹണത്തിൽ വീഴ്ച സംഭവിക്കരുത് ^കലക്ടർ

പദ്ധതി നിർവഹണത്തിൽ വീഴ്ച സംഭവിക്കരുത് -കലക്ടർ ആലപ്പുഴ: സമയബന്ധിതമായി പദ്ധതി നിർവഹണം നടത്തുന്നതിൽ വീഴ്ച സംഭവിക്കരുതെന്ന് ജില്ല വികസന സമിതി യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭരണാനുമതി ലഭിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഉൗർജിത നടപടികൾ വകുപ്പുതല ഉദ്യോഗസ്ഥർ സ്വീകരിക്കണം. അനുവദിക്കപ്പെട്ട പദ്ധതി തുക പാഴായി പോകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തകർന്നുകിടന്നിരുന്ന മാമ്പുഴക്കരി-എടത്വ റോഡിൽ 118 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കിടങ്ങറ-നീരേറ്റുപുറം റോഡിലെ കുഴികൾ അടക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മഴക്കുശേഷം ടാറിങ് ആരംഭിക്കും. രാമങ്കരി കടത്തുകടവ് മുതൽ വടക്കേക്കര വരെ നിർമിക്കേണ്ട പാലത്തി​െൻറ രൂപരേഖ തയാറാക്കുന്നതിന് 12 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയാറാക്കി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ആലപ്പുഴ നഗരസഭയിൽ കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ വെള്ളമെത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചതായി വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. കുടിവെള്ള വിതരണത്തിനായി മുൻകൂറായി പണമടച്ചിട്ടുള്ള ചേർത്തല നഗരസഭയിൽ വാട്ടർ അതോറിറ്റിയുമായി എഗ്രിമ​െൻറ് വെക്കുന്ന മുറക്ക് ജലവിതരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആലപ്പുഴ ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതായും താൽക്കാലികമായി രണ്ട് ഡോക്ടർമാരെ നിയമിച്ചിട്ടുള്ളതായും ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, മന്ത്രിമാർ, എം.പി, എം.എൽ.എ എന്നിവരുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ഭിന്നശേഷിക്കാർക്ക് നൂതന ഉപകരണങ്ങൾ; അപേക്ഷിക്കാം ആലപ്പുഴ: ഭിന്നശേഷിക്കാർക്കായി സാങ്കേതിക ഉപകരണങ്ങളായ ജോയിസ്റ്റിക് ഓപറേറ്റഡ് വീൽ ചെയർ, സ്ക്രീൻ റീഡർമാർക്കുള്ള ഡെയ്സി പ്ലെയർ സി.പി വീൽചെയർ, ടോക്കിങ് കാൽക്കുലേറ്റർ എന്നിവ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം. ബി.പി.എൽ റേഷൻ കാർഡ്, 1,00,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം. ആവശ്യപ്പെടുന്ന സഹായ ഉപകരണം ഉപയോഗിക്കാനുള്ള പ്രാപ്തി മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തണം. അപേക്ഷകർ ഐ.സി.ഡി.എസ് ഓഫിസുമായോ ജില്ല സാമൂഹികനീതി ഓഫിസുമായോ ബന്ധപ്പെടണം. ഫോൺ: 0477-2253870, 904817121.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.