ഇൗഴവ ശാന്തിക്ക്​ നിയമന നിഷേധം; വിഷയം ഏറ്റെടുത്ത്​ സി.പി.എം

കായംകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ ചേരാവള്ളി പാലാഴിയിൽ സുധികുമാറിന് അബ്രാഹ്മണനാണെന്ന കാരണത്താൽ കീഴ്ശാന്തി നിയമനം നിഷേധിച്ച വിഷയം സി.പി.എം ഏറ്റെടുക്കുന്നു. സംഘ്പരിവാറി​െൻറ താൽപര്യപ്രകാരം ഇൗഴവനായ ശാന്തിക്ക് നിയമനം നിഷേധിച്ചത് വിവാദമായിരുന്നു. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെ സുധികുമാറിനെ അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്. െഫയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത മോശം കമൻറിനെതിരെ സുധികുമാർ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്. സംഘ്പരിവാർ മേൽക്കോയ്മയുള്ള ചെട്ടികുളങ്ങര ക്ഷേേത്രാപദേശക സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷൻ പ്രമേയം പാസാക്കിയതോടെയാണ് നിയമന ഉത്തരവ് മരവിപ്പിച്ചത്. ബി.ജെ.പി സഖ്യത്തിലുള്ള ബി.ഡി.ജെ.എസ് അടക്കമുള്ളവർ മൗനം പാലിച്ച വിഷയം ഇൗഴവ സമുദായത്തിൽ ചർച്ചയാക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഞായറാഴ്ച വൈകുന്നേരം ചെട്ടികുളങ്ങരയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സംഘ്പരിവാറി​െൻറ അയിത്തമുഖം തുറന്നുകാട്ടാൻ ലഭിച്ച അവസരം പരമാവധി വിനിയോഗിക്കാനാണ് സി.പി.എം തീരുമാനം. 16 വർഷം മുമ്പ് കോട്ടയം പുതുമന താന്ത്രിക വിദ്യാലയത്തിൽ നിന്നും താന്ത്രിക വിദ്യാഭ്യാസം നേടിയ സുധികുമാറിന് നാല് വർഷം സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലിചെയ്ത ശേഷമാണ് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിയമനം ലഭിച്ചത്. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ ചെട്ടികുളങ്ങരയിൽ പ്രതിഷേധം ഉയർന്നതോടെ വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കാണിച്ച് ഹിന്ദുെഎക്യവേദി പ്രസ്താവനയുമായി രംഗത്തുവന്നിരുന്നു. ഇവർക്ക് സ്വാധീനമുള്ള ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷൻ പ്രമേയം പാസാക്കി നൽകിയാൽ സുധികുമാറിനെ നിയമിക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനുള്ള ഇടപെടൽ ഹിന്ദു െഎക്യവേദിയുടെ ഭാഗത്ത് നിന്നുണ്ടാകാതിരുന്നതോടെ പ്രസ്താവനയും യോഗങ്ങളും തട്ടിപ്പാണെന്ന പരാതിയാണ് ഇൗഴവ സമുദായത്തിനുള്ളത്. ആര്‍ജിത ബ്രാഹ്മണ സേന പ്രതിഷേധം ഇന്ന്; സംഘര്‍ഷത്തിന് സാധ്യത മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണ കീഴ്ശാന്തിക്ക് അയിത്തം കല്‍പ്പിച്ചുവെന്ന് ആരോപിച്ച് ആര്‍ജിത ബ്രാഹ്മണ സേനയുടെ പ്രതിഷേധം ഞായറാഴ്ച നടക്കും. സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ഇൻറലിജന്‍സ് വിഭാഗം ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയിത്തവുമായി ബന്ധപ്പെട്ട് സി.പി.എം, -ഹിന്ദു ഐക്യവേദി, എസ്.എന്‍.ഡി.പി, വിവിധ ഹിന്ദു സംഘടനകള്‍ എന്നിവ പതിപ്പിച്ച പോസ്റ്ററുകള്‍ വന്‍തോതില്‍ നശിപ്പിച്ചിട്ടുണ്ട്. രാവിലെ മുതല്‍ ക്ഷേത്ര നടയില്‍ പ്രതിഷേധ രൂപേണ പൂജാദി കർമങ്ങൾ നടത്തുമെന്നാണ് ആര്‍ജിത ബ്രാഹ്മണ സേന അറിയിച്ചിട്ടുള്ളത്. സ്ഥലത്ത് പൊലീസ് സന്നാഹം ശക്തമാക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധ സമരത്തിനായി കെട്ടിയ പന്തല്‍ ദേവസ്വം അധികാരികള്‍ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ 11.30 ഓടെയാണ് ചെട്ടികുളങ്ങര അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ പന്തൽ പൊളിച്ചു നീക്കാന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയത്. തുടർന്ന് പന്തല്‍ പൂര്‍ണമായും പൊളിച്ചു നീക്കുകയായിരുന്നു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ആര്‍ജിത ബ്രാഹ്മണസേന കേരള ഘടകം പ്രസിഡൻറ് ശിവപ്രസാദ് തന്ത്രി അറിയിച്ചു. നിയമപരമായ എല്ലാ അനുമതികളും വാങ്ങിയാണ് സമരം നടത്തുന്നത്. അവകാശം സംരക്ഷിക്കാനുള്ള സമരത്തിൽനിന്ന് മരണം വരെ പിന്നോട്ടില്ലെന്നും ഭാരവാഹികളായ ധനീഷ്, ദീപക്, ബിനു എന്നിവര്‍ അറിയിച്ചു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.