മട്ടാഞ്ചേരി: കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോൾതന്നെ കുടിവെള്ള പൈപ്പുകളിൽ ചോർച്ച. 7.55 കോടി ചെലവിട്ട് പൂർത്തീകരിച്ച പശ്ചിമകൊച്ചി കുടിവെള്ള വിപുലീകരണ പദ്ധതി മന്ത്രി മാത്യു ടി. തോമസ് വ്യാഴാഴ്ച വൈകീട്ടാണ് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് പമ്പിങ് ആരംഭിച്ചതോടെയാണ് പുതിയ റോഡ്, മോഡി ബാത്തിനുസമീപം, ചക്കരയിടുക്ക് എന്നിവിടങ്ങളിൽ ചോർച്ചയുണ്ടായത്. പുതിയ റോഡ് കവലയിൽ ശക്തമായ ചോർച്ചയാണ് ഉണ്ടായത്. പ്രഷർ കൂടിയതാണ് ചോർച്ചക്ക് കാരണമെന്ന് അധികൃതർ പറയുന്നു. അതേസമയം, ഉദ്ഘാടനത്തിനുമുമ്പ് പ്രഷർ പരിശോധന വേണ്ടവിധത്തിൽ നടത്താത്തതാണ് ചോർച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഉദ്ഘാടനവേളയിൽ ഒരുതുള്ളി വെള്ളംപോലും പാഴാക്കരുതെന്ന് മന്ത്രി നാട്ടുകാരെ ഉപദേശിച്ചിരുന്നു. എന്നാൽ, പതിനായിരക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. തോപ്പുംപടിയിൽ പൈപ്പിടൽ ജോലി പൂർത്തിയാക്കി കുഴി നികത്തിയതിനുപിറകെ ചുള്ളിക്കൽ പാലത്തിനുസമീപവും ചോർച്ച ഉണ്ടായിരുന്നു. പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് ഇടത്-വലത് നേതാക്കൾ പ്രസ്താവനകൾ നടത്തുകയും ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ചോർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.