ആലപ്പുഴ: നോക്കുകൂലിയുടെ പേരിൽ മർദനമേറ്റ സഹോദരങ്ങളെ സി.ഐ.ടി.യു പ്രവർത്തകർ സന്ദർശിച്ചത് വിവാദമാകുന്നു. തത്തംപള്ളി ഗ്രേസ് ഭവനത്തിൽ ശെൽവസിങ്, സഹോദരൻ ക്രിസ്റ്റഫർ ദേവസിങ് എന്നിവരെയാണ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി കോശി അലക്സ്, മുൻ കൗൺസിലർ അൽത്താഫ് എന്നിവർ ബുധനാഴ്ച വീട്ടിൽ എത്തി കണ്ടത്. പൊലീസിനും തൊഴിൽവകുപ്പിനും നൽകിയ പരാതി പിൻവലിച്ച് കേസ് ഒത്തുതീർക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമ്മർദം ചെലുത്തുകയും ചെയ്തു. നോക്കുകൂലിയുടെ പേരിൽ തൊഴിലാളികൾ വാങ്ങിയ പണം മടക്കിനൽകാമെന്ന് നേതാക്കൾ അറിയിക്കുകയും ചെയ്തു. തങ്ങളെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ച സംഭവമായതിനാൽ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇരുവരും. പരാതിയെത്തുടർന്ന് പൊലീസും തൊഴിൽവകുപ്പും പ്രത്യേകം അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ ചുമട്ടുതൊഴിലാളികളുടെ ഭാഗത്തുനിന്ന് ഗുരുതര കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ഭവനത്തിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവമേൽപിക്കൽ എന്നീ കുറ്റങ്ങളാണ് അഡീഷനൽ ലേബർ ഓഫിസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ക്രമസമാധാന പ്രശ്നമായതിനാൽ തൊഴിൽ വകുപ്പ് അന്വേഷണ റിപ്പോർട്ട് ആലപ്പുഴ സൗത്ത് സി.ഐക്കും നോർത്ത് എസ്.ഐക്കും കൈമാറി. റിപ്പോർട്ടിന്മേൽ ഉടൻ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. നിയമനടപടി ഉറപ്പായതോടെ പ്രസ്താവനകൾ ഇറക്കി പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് തൊഴിലാളി യൂനിയനുകൾ ശ്രമിക്കുന്നത്. കയർഫെഡ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക് ആലപ്പുഴ: കയർഫെഡ് ജീവനക്കാരുടെ യൂനിയനുകളുമായി മന്ത്രിതലത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ച ശമ്പളപരിഷ്കരണ കരാറുകൾ നടപ്പാക്കാത്തതിലും ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കയർഫെഡ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കയർഫെഡ് ഹെഡ് ഓഫിസിന് മുന്നിൽ സൂചന പണിമുടക്കും ധർണയും നടത്തി. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്‌ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എ.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു ജോർജ്, യൂനിയൻ വൈസ് പ്രസിഡൻറ് വി.സി. അലോഷ്യസ്, ഡി.സി.സി സെക്രട്ടറി റീഗോ രാജു, സീവ്യൂ വാർഡ് കൗൺസിലർ കരോളിൻ പീറ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ. സുശീലൻ തമ്പി സ്വാഗതവും കൈരളികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.