വടുതല: തീരപരിപാലന നിയമം ലംഘിച്ച് വേമ്പനാട്ടുകായലിൽ പണിത റിസോർട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധം ശക്തം. കായലില്‍ കൈയേറ്റം വ്യാപകമാണെന്ന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സര്‍ക്കാര്‍, പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കാപികോ റിസോര്‍ട്ട് അടക്കമുള്ള വില്ലകള്‍ നിര്‍മിച്ച സംഭവത്തില്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. 2.093 ഹെക്‌ടര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി 36 വില്ലയാണ് കാപികോ നിര്‍മിച്ചത്. പുറമ്പോക്കുഭൂമി കൈയേറിയത് ഉൾപ്പെടെയുള്ള പരാതികളിലും നടപടിക്ക് സര്‍ക്കാര്‍ തയാറല്ലാത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണം. സിംഗപ്പൂര്‍ കമ്പനിയായ ബനിയന്‍ ട്രീയാണ് പാണാവള്ളിയിലെ റിസോര്ട്ടിെൻറ നടത്തിപ്പുകാര്‍. കുവൈത്ത് കമ്പനി കാപികോയും കേരളത്തിലെ പ്രമുഖ സ്വകാര്യധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപവത്കരിച്ച കാപികോ കേരള റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രമോട്ടര്‍മാര്‍. നെടിയതുരുത്തിലെ റിസോര്‍ട്ടിന് പിഴ ചുമത്തി നിര്‍മാണാനുമതി നല്‍കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും ആരോപണമുണ്ട്. പല ഘട്ടങ്ങളായി നിര്‍മിച്ച റിസോര്‍ട്ടുകള്‍ക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കിയിട്ടുണ്ട്. 7.0212 ഹെക്‌ടര്‍ റിസോര്‍ട്ട് ഉടമകള്‍ കൈവശം െവച്ചിട്ടുണ്ടെങ്കിലും 4.927 ഹെക്‌ടര്‍ ഭൂമിയുടെ ഉടമസ്ഥതയേ അവര്‍ തെളിയിച്ചിട്ടുള്ളത്രെ. ശേഷിച്ച കൈയേറ്റങ്ങളില്‍ നടപടി സാധ്യമാണെന്ന് നിയമവിദഗ്‌ധരും വിലയിരുത്തുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി 2013 ഫെബ്രുവരിയില്‍ ആലപ്പുഴ സര്‍വേ ഡെപ്യൂട്ടി ഡയറക്‌ടര്‍ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. കേരള ഭൂസംരക്ഷണ നിയമപ്രകാരം കൈയേറ്റം ഒഴിപ്പിക്കാന്‍ ചേര്‍ത്തല അഡീഷനല്‍ തഹസില്‍ദാര്‍ക്ക് ആലപ്പുഴ ആര്‍.ഡി.ഒ 2013 സെപ്‌റ്റംബര്‍ ആറിന് വീണ്ടും ഉത്തരവ് നല്‍കിയെങ്കിലും നടപ്പായില്ല. കോടതി ഉത്തരവുപ്രകാരം റിസോര്‍ട്ട് പൊളിക്കുമെന്ന പ്രഖ്യാപനത്തിലും നടപടിയുണ്ടായില്ല. റിസോര്‍ട്ട് പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍നിന്ന് സ്‌റ്റേ ലഭിക്കാന്‍ ഈ കാലതാമസം സഹായകരമായി. പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍തന്നെ ചെറുതുരുത്തുകളിലും കായല്‍ത്തീരത്തുമായി പന്ത്രണ്ടോളം റിസോര്‍ട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമവും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ച് അനധികൃതമായാണ് നിർമിച്ചിട്ടുള്ളത്. തൗഫീഖ് അസ്‌ലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.