കെ.എസ്.ഡി.പിയില്‍ എ.ഐ.ടി.യു.സി യൂനിയന്‍ അംഗങ്ങൾ പുറത്ത്​; രാഷ്​ട്രീയ പകപോക്കലെന്ന്​ യൂനിയൻ

മണ്ണഞ്ചേരി: കെ.എസ്.ഡി.പിയില്‍ എ.ഐ.ടി.യു.സി യൂനിയന്‍ അംഗങ്ങളെ പുറത്താക്കി. രാഷ്ട്രീയമായ പകപോക്കലെന്ന് ആരോപിച്ച് എ.ഐ.ടി.യു.സി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. കമ്പനി അധികൃതരുടെ പക്ഷപാത നിലപാട് തിരുത്തണമെന്നുള്ള ആവശ്യം സ്ഥാപനത്തിനുമുന്നില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. കെ.എസ്.ഡി.പി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. വിവരം അറിഞ്ഞെത്തിയ എ.ഐ.ടി.യു.സി നേതാക്കള്‍ എം.ഡിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാരില്‍ നാലുപേരെ ജോലിക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനമായി. എന്നാല്‍, ഈ സമയത്തെത്തിയ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ജോലിക്ക് കയറിയ നാല് എ.ഐ.ടി.യു.സിക്കാരെ വീണ്ടും പുറത്താക്കുകയായിരുന്നു. കമ്പനിയിലെ ഉല്‍പാദനവുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷം ജോലിചെയ്തിരുന്നവരെ അടക്കമാണ് എല്‍.ഡി.എഫ് ഭരണം നിലവില്‍ വന്നതോടെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുള്ളത്. മൂന്ന് ഘട്ടമായി നാല്‍പതോളം ജീവനക്കാര്‍ക്കാണ് കെ.എസ്.ഡി.പിയില്‍നിന്ന് തൊഴില്‍ നിഷേധമുണ്ടായത്. ഇവരില്‍ മുപ്പതിലേറെപേര്‍ എ.ഐ.ടി.യു.സിക്കാരാണ്. ഇത്തരത്തില്‍ പുറത്താക്കിയ ഗണത്തിൽപെട്ട നാലുപേരെ നിലനിര്‍ത്തിയായിരുന്നു നിലവിലെ നടപടികള്‍. ഇവരില്‍ ഒരാള്‍ അംഗപരിമിതയെന്ന പരിഗണനയും ബാക്കി മൂന്നുപേര്‍ സി.പി.എം നോമിനികളുമാണ്. ഇവരെ കൂടാതെ സി.പി.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് നാലുപേരെകൂടി കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ ജോലിക്ക് കയറ്റിയതാണ് ഇപ്പോള്‍ എ.ഐ.ടി.യു.സി നേതൃത്വത്തെ ചൊടിപ്പിച്ചത്. തിങ്കളാഴ്ച കമ്പനി പടിക്കല്‍ എ.ഐ.ടി.യു.സി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.