കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്‌റ്റൻറ് പിടിയിൽ

ആലുവ: നടുറോഡിൽ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്‌റ്റൻറ് വിജിലൻസി​െൻറ പിടിയിൽ. സ്‌ഥലത്തിന് പോക്കുവരവിന് കൈക്കൂലി വാങ്ങുമ്പോള്‍ ചൂര്‍ണിക്കര വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റൻറ് ടി.ബി. അനില്‍കുമാറാണ് പിടിയിലായത്. അശോകപുരം സ്വദേശിയായ ജിജോ ഫ്രാന്‍സിസില്‍നിന്നാണ് കൈക്കൂലി വാങ്ങിയത്. സ്‌ഥലം പോക്കുവരവ് ചെയ്യാൻ 1500 രൂപ നല്‍കിയെങ്കിലും കൂടുതല്‍ തുക ആവശ്യപ്പെടുകയായിരുന്നു. 15,000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ജിജോ വിവരമറിയിച്ചതിനെ തുടർന്ന് വിജിലൻസ് പറഞ്ഞതു പ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആലുവ റെയിൽവേ സ്‌റ്റേഷൻ റോഡില്‍വെച്ചാണ് പണം നല്‍കിയത്. വിജിലന്‍സ് ഡിവൈ.എസ്.പി രമേശ് പിടിക്കാന്‍ വന്നപ്പോള്‍ അനില്‍കുമാര്‍ ഓടിമറയാന്‍ ശ്രമിച്ചു. എന്നാല്‍, നേരത്തേതന്നെ ഈഭാഗത്ത് തമ്പടിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍ ഇയാളെ വളഞ്ഞിരുന്നു. കരസേനയില്‍നിന്ന് ഹവില്‍ദാറായി വിരമിച്ച ശേഷമാണ് ഏഴ് വര്‍ഷം മുമ്പ് സംസ്ഥാന സർവിസില്‍ പ്രവേശിച്ചത്. അഞ്ചുമാസം മുമ്പാണ് ചൂര്‍ണിക്കരയില്‍ എത്തിയത്. സി.ഐ കെ.വി. ബെന്നി, എസ്.ഐമാരായ ഹരിക്കുട്ടന്‍, മനോജ് എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.