വരട്ടാറി​െൻറ കൈത്തോടായ മുളന്തോട്ടിലെ കൈയേറ്റം; നാട്ടുകാർ രോഗ ഭീഷണിയിൽ

ചെങ്ങന്നൂർ: വരട്ടാറി​െൻറ കൈവഴിയായ മുളന്തോട്ടിലെ വെള്ളക്കെട്ട് മൂലം സമീപവാസികൾ പകർച്ചവ്യാധി ഭീഷണിയിൽ. തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ മുളന്തോട് ഭാഗത്താണ് സ്വകാര്യവ്യക്തികൾ തോട് കൈയേറി ഒഴുക്കിന് തടസ്സം ഉണ്ടാക്കിയിരിക്കുന്നത്. മലിനമായ വെള്ളക്കെട്ട് കാരണം ഈച്ചയും കൊതുകും പെരുകി. 53 വീടുകളിലായി 162 പേർ താമസിക്കുന്ന ഈ പ്രദേശത്ത് മലിനജല ദുർഗന്ധം മൂലം ആഹാരം പാകംചെയ്യുന്നതിനുപോലും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തി​െൻറ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം പേരിന് നടത്തിയെങ്കിലും രോഗഭീഷണി ഭയന്ന് തൊഴിലുറപ്പ് ജോലിക്കാർ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങാൻ മടിക്കുന്നു. വരട്ടാറിലേക്ക് ജലം ഒഴുകിയെത്തുന്ന പ്രധാന തോടുകളിൽ ഒന്നാണിത്. തിരുവൻവണ്ടൂർ സ്‌കൂളിനും സമീപവും ക്ഷേത്രത്തിന് വടക്കുഭാഗത്തുമാണ് കൈയേറ്റങ്ങളിൽ ഭൂരിഭാഗവും നടന്നത്. ഇതുമൂലം നീരൊഴുക്ക് നിലക്കുകയും പ്രദേശത്തെ കരുമ്പും നെല്ലും ഉൾെപ്പടെയുള്ള കൃഷികൾ ഇല്ലാതാകുകയും ചെയ്തു. വരൾച്ച സമയത്ത് കടുത്ത ജലക്ഷാമവും നേരിട്ടിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സമീപത്തെ ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളും മാലിന്യങ്ങളും അടക്കം തള്ളുന്നു. സി.ഡബ്ല്യു.ആർ.ഡി.എം നടത്തിയ പരിശോധന റിപ്പോർട്ടിൽ ജലത്തിൽ കോളി ബാക്ടീരിയകളടക്കം രോഗങ്ങളുണ്ടാക്കുന്ന ഘടകങ്ങൾ അമിതമായി കലർന്നതായും പറയുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തിലും റവന്യൂ വകുപ്പിലും പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയെങ്കിലും ഫലം കണ്ടില്ല. കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നതിന് കലക്ടർ വീണ എൻ. മാധവ​െൻറ നിർദേശപ്രകാരം മാർച്ചിൽ താലൂക്ക് സർവേ ഓഫിസിൽനിന്ന് സർവേ നടപടികൾ നടത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ വേഗത്തിലായില്ല. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. ഷിജു എന്നിവർ പ്രദേശം സന്ദർശിച്ച് കൈയേറ്റങ്ങൾ വിലയിരുത്തി. അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും ഒഴിവാക്കി പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ഏറ്റെടുക്കണമെന്ന് സജി ചെറിയാൻ ആവശ്യപ്പെട്ടു. മുളന്തോട് ഭാഗത്തെ ശുചീകരണ പ്രവർത്തനത്തിനായി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ഒരുലക്ഷം രൂപ 12ന് കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എക്ക് കൈമാറും. വിഷയം മുഖ്യമന്ത്രി, ജലസേചന മന്ത്രി, ആരോഗ്യമന്ത്രി, ജില്ല പഞ്ചായത്ത് എന്നിവരുടെ ശ്രദ്ധയിൽപെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.