കായംകുളം: പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ യുവാവിന് 27 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ഉത്തരവ്. മല്ലപ്പള്ളി ചാലാപ്പള്ളി എൻ.എസ്.എസ് ഹൈസ്കൂൾ ജീവനക്കാരൻ നൂറനാട് കുടശ്ശനാട് കക്കാട്ട് വീട്ടിൽ അരവിന്ദാക്ഷനാണ് (37) പൊലീസിെൻറ ക്രൂരതക്ക് ഇരയായത്. അന്നത്തെ നൂറനാട് സബ് ഇൻസ്പെക്ടറെയും ആറോളം പൊലീസുകാരെയും പ്രതികളാക്കി നൽകിയ കേസിലാണ് ഉത്തരവ്. നൂറനാട് അഡീഷനൽ എസ്.ഐ അജയനും ചില പൊലീസുകാർക്കും 2014 മാർച്ച് എട്ടിന് രാത്രി പടനിലം കാരിമുക്കം ക്ഷേത്രത്തിന് സമീപം മർദനമേറ്റിരുന്നു. പതിനഞ്ചോളം വരുന്ന സംഘമാണ് മർദിച്ചത്. ഏഴാം പ്രതിയായി അരവിന്ദാക്ഷനെയും ഉൾപ്പെടുത്തി. മാർച്ച് 12ന് രാത്രി എസ്.ഐയുടെ നേതൃത്വത്തിൽ ജോലിസ്ഥലത്തുനിന്ന് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തു. വഴിമധ്യേ വാഹനത്തിലും സ്റ്റേഷനിൽ കൊണ്ടുവന്നും ക്രൂരമായി മർദിെച്ചന്ന് അരവിന്ദാക്ഷൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തെത്തുടർന്ന് വലതുകാലിൽ കമ്പിയിട്ടിരുന്ന അരവിന്ദാക്ഷെൻറ കാലിൽ കയറി നിന്നായിരുന്നു മർദനം. രണ്ടുദിവസത്തിനുശേഷം മജിസ്േട്രറ്റിന് മുമ്പാകെ ഹാജരാക്കിയപ്പോൾ പൊലീസുകാർ മർദിച്ചതായി മൊഴി നൽകിയതനുസരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെതിരെ കോടതി സ്വമേധയാ കേസും രജിസ്റ്റർ ചെയ്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് അരവിന്ദാക്ഷനെ മാത്രമാണ് കസ്റ്റഡിയിലെടുത്തത്. 16 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. അരവിന്ദാക്ഷന് അഞ്ചുലക്ഷം രൂപ സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നും സംസ്ഥാന സർക്കാറും നൂറനാട് എസ്.െഎ ആയിരുന്ന ആർ. ഫയാസ്, സിവിൽ പൊലീസ് ഓഫിസർമാരായിരുന്ന കിഷോർ, സുരേഷ്, അനീഷ്കുമാർ, ലത്തീഫ്, സിറാജുദ്ദീൻ എന്നിവർ ചേർന്ന് 22 ലക്ഷം രൂപ ആറാഴ്ചക്കകം നൽകണമെന്നും അതോറിറ്റി ഉത്തരവായി. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കും എറണാകുളം റേഞ്ച് ഐ.ജിക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.