കള്ളപ്പണം വെളുപ്പിക്കൽ: സഹ. സംഘം സെക്രട്ടറിമാരുടെ അറസ്​റ്റ്​ തടഞ്ഞു

കൊച്ചി: കള്ളപ്പണം വെളുപ്പിെച്ചന്ന പരാതിയില്‍ സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസുകളിൽ സഹകരണ സംഘം സെക്രട്ടറിമാരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞു. കേസിലുൾപ്പെട്ട കൊല്ലം ജില്ലയിലെ കടയ്ക്കൽ, മയ്യനാട് സഹകരണസംഘം സെക്രട്ടറിമാർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം കേസ് എങ്ങനെ നിലനിൽക്കുമെന്ന് സി.ബി.െഎ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. നോട്ട് നിരോധന കാലയളവില്‍ റിസർവ് ബാങ്ക് ഏര്‍പ്പെടുത്തിയ പരിധി ലംഘിച്ച് കോടികള്‍ നിക്ഷേപം സ്വീകരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് കൊല്ലത്തെ കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടക്കല്‍, പുതിയകാവ്, മയ്യനാട് സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്കുകളിൽ റെയ്ഡ് നടത്തി ആറ് ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കുകയും ചെയ്തു. ബാങ്ക് രേഖകളില്‍ കൃത്രിമം നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അനാവശ്യമായാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ബാങ്ക് സെക്രട്ടറിമാർ കോടതിയെ സമീപിച്ചത്. തങ്ങളുടെ അധികാരപരിധിയിൽ വരുന്ന നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.