കാലടി: ജാതി കൃഷിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നട്മെഗ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചതായി ഇന്നസെന്‍റ് എം.പി അറിയിച്ചു. പദ്ധതി വിശദമായി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കും. ജാതിക്ക അധിഷ്ഠിത അഗ്രോപാര്‍ക്കാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. ജാതിക്ക അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങളൂടെ ഉല്‍പാദനം, വിപണനം, ജാതിക്ക സംഭരണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നട്മെഗ് പാര്‍ക്കിലൂടെ ചെയ്യാനാകുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജ്യൂസ്, ജെല്ലി, അച്ചാറുകള്‍, ആരോഗ്യ പാനീയങ്ങള്‍ തുടങ്ങി ഒട്ടേറെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ജാതിക്കയില്‍നിന്ന് ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഇവ ദേശീയ-അന്തര്‍ദേശീയാടിസ്ഥാനത്തില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വിപണനം നടത്തുന്നതിനും നട്മെഗ് പാര്‍ക്ക് നേതൃത്വം നല്‍കും. ജാതി കര്‍ഷകരെ ഉള്‍പ്പെടുത്തി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് എം.പിയുടെ നേതൃത്വത്തില്‍ ഇതിനകം രൂപംനല്‍കിയിട്ടുണ്ട്. പ്രാഥമിക അടിസ്ഥാന യൂനിറ്റായി ക്ളസ്റ്ററുകള്‍ താമസിയാതെ രൂപവത്കരിക്കും. ഉല്‍പാദന യൂനിറ്റും സജ്ജമാക്കും. നബാര്‍ഡ് ധനസഹായം ഉറപ്പാക്കുന്നതിന് കാലടിയെ ഭക്ഷ്യസംസ്കരണ മേഖലയായി പ്രഖ്യാപിക്കണമെന്നും ഇന്നസെന്‍റ് ആവശ്യപ്പെട്ടു. ഉല്‍പാദന പ്ളാന്‍റും മറ്റ് സൗകര്യങ്ങളുമുള്‍പ്പെടെ 25 കോടിയുടെ മുതല്‍മുടക്ക് ആദ്യഘട്ടത്തില്‍ വേണ്ടിവരുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.