കുളത്തില്‍നിന്ന് വെള്ളമെടുക്കാന്‍ അനുമതിയില്ല; വാഴ കൃഷി നശിക്കുന്നു

പറവൂര്‍: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൃഷി ആവശ്യത്തിന് വെള്ളം നിഷേധിച്ചതിനത്തെുടര്‍ന്ന് ആയിരത്തോളം വാഴ നശിക്കുന്നു. പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പഞ്ഞിപ്പിള്ള ഗ്രാമത്തില്‍ കൃഷിചെയ്ത ഏത്തവാഴയാണ് പഞ്ചായത്തിന്‍െറ അവഗണനമൂലം നശിക്കുന്നത്. പ്ളാക്കല്‍ വീട്ടില്‍ ബൈജു ഫ്രാന്‍സിസിന്‍െറ മക്കളായ സ്റ്റെഫി (20), സ്റ്റെഫീന (20), ജോയല്‍ (18) എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൃഷിയാണ് വെള്ളം കിട്ടാതെ വാടി ഒടിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ ബിരുദ വിദ്യാര്‍ഥികളും ഒരാള്‍ പോളിടെക്നിക് വിദ്യാര്‍ഥിയുമാണ്. വായ്പയെടുത്തും പലരുടെയും സഹായത്താലുമാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞ രണ്ടുതവണകളിലും ഏത്തവാഴ കൃഷിചെയ്തു. ഇത്തവണ മഴയുടെ കുറവ് കാരണം വാഴ നനക്കാന്‍ കൃഷിയിടത്തിന് സമീപത്തെ പഞ്ചായത്ത് പൊതുകുളത്തില്‍നിന്ന് വെള്ളമെടുക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ അപേക്ഷനല്‍കി. എന്നാല്‍, ഭരണസമിതി അനുമതി നിഷേധിക്കുകയായിരുന്നു. പുത്തന്‍വേലിക്കര കൃഷി ഓഫിസറുടെ നിര്‍ദേശപ്രകാരമാണ് അപേക്ഷ നല്‍കിയത്. പഞ്ചായത്തിന്‍െറയോ കൃഷിഭവന്‍െറയോ സഹായമില്ലാതെയാണ് മുമ്പ് രണ്ടുതവണയും കൃഷിചെയ്തത്. സ്വന്തമായി വാങ്ങിയ മണ്ണെണ്ണ ഉപയോഗിച്ചുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് നനച്ചിരുന്നത്. ഇത്തവണ കാര്‍ഷികാവശ്യത്തിനായുള്ള വൈദ്യുതിവത്കരണത്തിനും വെള്ളം ഉപയോഗത്തിനും വേണ്ടി അപേക്ഷ നല്‍കിയപ്പോഴാണ് അവഗണിച്ചത്. ആയിരത്തോളം വാഴയില്‍ പകുതിയോളം ഒടിഞ്ഞുവീണു. ഇവയെല്ലാം കുലച്ചതും കുലക്കാന്‍ പ്രായമായതുമാണെന്ന് ഇവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.