ഹരിതകേരളം പദ്ധതി കാര്‍ഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്ക് –മന്ത്രി സുനില്‍ കുമാര്‍

പെരുമ്പാവൂര്‍: നാടിന് കൈമോശം വന്ന കാര്‍ഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് കൃഷിവകുപ്പ് നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. നെല്‍കൃഷിക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അവശേഷിക്കുന്ന പാടങ്ങളും നീര്‍ച്ചാലുകളും കുളങ്ങളും സംരക്ഷിക്കാന്‍ ചെറുപ്പക്കാര്‍ ഫാര്‍മേഴ്സ് ആര്‍മിപോലുള്ള സംഘടനകള്‍ രൂപവത്കരിച്ച് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. രായമംഗലം പഞ്ചായത്തിലെ ഇരിങ്ങോള്‍ പട്ടശ്ശേരി മനപ്പടിയില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ അവശേഷിക്കുന്ന ഒരിഞ്ച് നിലംപോലും നികത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. സാങ്കേതികത്വംപറഞ്ഞ് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ നിസ്സംഗത പാലിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിലധികമായി തരിശായി കിടന്ന 12 ഏക്കര്‍ പാടശേഖരത്താണ് ഇരിങ്ങോള്‍ പട്ടശ്ശേരിമനപ്പടിയില്‍ ഫാര്‍മേഴ്സ് ആര്‍മി രൂപവത്കരിച്ച് കൃഷി ഇറക്കിയത്. 5000 രൂപ വീതം 50 പേര്‍ ചേര്‍ന്ന് മുതല്‍മുടക്കിയാണ് നെല്‍കൃഷി ചെലവ് കണ്ടത്തെിയത്. കൃഷിവകുപ്പ് രണ്ടുലക്ഷം സബ്സിഡിയായി നല്‍കി. ജൈവവളങ്ങളും ജൈവകീടനാശിനിയും മാത്രം ഉപയോഗിച്ച് ഇറക്കിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. നെല്ല് ഇവിടത്തെന്നെ അരിയാക്കി വില്‍ക്കാനാണ് ഫാര്‍മേഴ്സ് ആര്‍മി പ്രവര്‍ത്തകരുടെ തീരുമാനം. ചടങ്ങില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍എ അധ്യക്ഷത വഹിച്ചു. ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫ്, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ഗോപാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹന്‍, പെരുമ്പാവൂര്‍ നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണന്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൗമിനി ബാബു, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം. ശ്രീദേവി, ആത്മ ജില്ല കോഓഡിനേറ്റര്‍ എസ്. പുഷ്പകുമാരി, സി.വി. ശശി, എം.ഐ. ബീരാസ്, കെ.പി. റെജിമോന്‍, പി.കെ. അനസ്, ശിവന്‍ മുല്ലശേരി, കെ.ആര്‍. വിജയന്‍, കെ.ബി. രാജേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.