താമരക്കുളത്ത് അഞ്ച് വീടുകള്‍ക്ക് നേരെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

ചാരുംമൂട്: താമരക്കുളത്ത് ആക്രമിസംഘം അഴിഞ്ഞാടി. അഞ്ച് വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഒരാള്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയത് ആയുധങ്ങളുമായി മുഖംമറച്ച് ബൈക്കിലത്തെിയ മൂന്നംഗ സംഘമാണെന്ന് വീട്ടുകാര്‍ പറഞ്ഞു. താമരക്കുളം നാലുമുക്കില്‍ തൊട്ടടുത്ത വീടുകളായ പുതുപ്പുരക്കല്‍ അബ്ദുല്‍ റഹീം, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ജീവനക്കാരനായ പടിഞ്ഞാറേ ചരുവില്‍ സുഭാഷ്, ചിറമുഖത്ത് ഇന്‍ഷാദ് മന്‍സിലില്‍ ബിജു, പുതുപ്പുരക്കല്‍ പടീറ്റതില്‍ ഷാഹുല്‍ ഹമീദ്, കല്ലുവിള റജിമോന്‍ എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. അബ്ദുല്‍ റഹീമിന്‍െറ (53) വലതുകൈക്കാണ് പരിക്കേറ്റത്. ജനല്‍ച്ചില്ലുകള്‍ പൊട്ടുന്ന ശബ്ദംകേട്ട് കതക് തുറന്ന് പുറത്തിറങ്ങുമ്പോഴാണ് ആയുധം ഉപയോഗിച്ച് റഹീമിനെ വെട്ടിയത്. ഞായറാഴ്ച രാത്രി 12ഓടെയാണ് സംഭവം. എല്ലാ വീടുകളുടെയും മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും ആക്രമികള്‍ തകര്‍ത്തു. കതകുകള്‍ വെട്ടിപ്പൊളിക്കാനും ചവിട്ടിത്തുറക്കാനും ശ്രമം നടന്നു. ആക്രമികള്‍ അസഭ്യം വിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. ബഹളംകേട്ട് ഉണര്‍ന്നെങ്കിലും ആക്രമികള്‍ ആയുധങ്ങളുമായി നിന്നതിനാല്‍ പുറത്തിറങ്ങാന്‍ വീട്ടുകാര്‍ ഭയപ്പെട്ടു. എന്നാല്‍, പരിക്കേറ്റ റഹീമും ബഹളംകേട്ട് ഇറങ്ങിവന്ന അയല്‍വാസിയും പഞ്ചായത്ത് അംഗവുമായ വി. രാജുവുംകൂടി ആക്രമികളെ പിന്തുടര്‍ന്നെങ്കിലും ഇവര്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഓടിക്കൂടി തിരച്ചില്‍ നടത്തി. വിവരമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തത്തെി അന്വേഷണം നടത്തിയെങ്കിലും ആക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. വെട്ടുകത്തി, വടിവാള്‍, ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ആക്രമികളുടെ കൈവശം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. 25 വയസ്സില്‍ താഴെ തോന്നിക്കുന്ന ഇവര്‍ കര്‍ച്ചീഫ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍, നൂറനാട് എസ്.ഐ വി. ബിജു എന്നിവര്‍ സ്ഥലത്തത്തെി അന്വേഷണം നടത്തി. ആക്രമികളെ ഉടന്‍ പിടികൂടുമെന്ന് സി.ഐ പി. ശ്രീകുമാര്‍ പറഞ്ഞു. ആര്‍. രാജേഷ് എം.എല്‍.എ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. വിമലന്‍, പഞ്ചായത്ത് പ്രസിഡന്‍റ് വി. ഗീത, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നിരപരാധികളുടെ വീടുകള്‍ക്കുനേരെ ഗുണ്ട ആക്രമണം ഉണ്ടായതില്‍ രാഷ്ട്രീയഭേദമന്യേ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.