പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയില്ല; നസീറിന്‍െറ കുടുംബം സമരത്തിന്

കൊച്ചി: ‘ഞങ്ങള്‍ക്കുമുന്നില്‍ വേറെ വഴിയില്ല. ഞങ്ങളുടെ കൈയില്‍ പണമോ സ്വാധീനമോ ഇല്ല. സത്യം ജയിക്കുന്നതുവരെ ഈ കുട്ടികളെയും പ്രായമായ മാതാവിനെയുംകൊണ്ട് പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് ഞങ്ങള്‍ സമരമിരിക്കുകയാണ്’ -നിറകണ്ണുകളോടെ ജസീന പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച നെട്ടൂര്‍ സ്വദേശി കെ.കെ. നസീറിന്‍െറ ഭാര്യയാണ് ജസീന. പരാതി നല്‍കി മാസമൊന്നായിട്ടും കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെയാണ് ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ ഇവര്‍ തൃക്കാക്കര അസി. കമീഷണര്‍ ഓഫിസിനുമുന്നില്‍ സമരത്തിനൊരുങ്ങുന്നത്. ഇതിനുമുന്നോടിയായി ഇവര്‍ കഴിഞ്ഞദിവസം ഓഫിസിലത്തെിയിരുന്നു. എന്നാല്‍, അസി. കമീഷണര്‍ എത്താഞ്ഞതിനാല്‍ തിരിച്ചുപോയി. തെളിവില്ലാതെ കസ്റ്റഡിയിലെടുത്ത നസീറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നസീര്‍ കുറച്ചുദിവസം മുമ്പാണ് എറണാകുളം ജനറല്‍ ആശുപത്രിവിട്ടത്. ഇപ്പോഴും നടക്കാന്‍ കഴിയില്ല. നസീര്‍ കിടപ്പിലായതോടെ വരുമാനമില്ലാതെ കുടുംബം കഷ്ടത്തിലായി. എങ്കിലും പൊലീസിന്‍െറ ധാര്‍ഷ്ട്യത്തിനുമുന്നില്‍ തോറ്റുകൊടുക്കില്ളെന്നാണ് നസീറും കുടുംബവും പറയുന്നത്. നസീറിനെ മര്‍ദിച്ച പനങ്ങാട് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ 25 ദിവസമായി പരാതി നല്‍കിയിട്ട്. തൃക്കാക്കര അസി. കമീഷണര്‍ ബിനോയിക്കാണ് അന്വേഷണച്ചുമതല. എന്നാല്‍, ഇതുവരെ എഫ്.ഐ.ആര്‍ തയാറാക്കിയില്ല. പൊലീസുകാര്‍ പ്രതികളായ കേസില്‍ കമീഷണറുടെ അനുവാദമില്ലാതെ എഫ്.ഐ.ആര്‍ തയാറാക്കാന്‍ കഴിയില്ളെന്നാണ് അസി. കമീഷണര്‍ പറയുന്നത്. എന്നാല്‍, അന്വേഷണം വേഗത്തിലാക്കാന്‍ കമീഷണര്‍ നിര്‍ദേശം നല്‍കിയെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് ജസീന വിശദീകരിച്ചു. അന്വേഷണഭാഗമായി മൂന്നുതവണയാണ് നസീറില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും പൊലീസ് മൊഴിയെടുത്തത്. കമീഷണറുടെ നേതൃത്വത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായി. വിട്ടുവീഴ്ചക്കില്ളെന്നാണ് നിലപാടെന്ന് ജസീന പറഞ്ഞു. പനങ്ങാട് എസ്.ഐ പ്രജീഷ് ശശി, സി.പി.ഒ അനില്‍ കുമാര്‍, മഫ്തിയിലായിരുന്ന കണ്ടാലറിയുന്ന മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി കൊടുത്തത്. പ്രജീഷിനെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയെങ്കിലും കമീഷണര്‍ സ്ക്വാഡില്‍ ഷാഡോ എസ്.ഐ ആയി നിയമിച്ചിട്ടുണ്ടെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.