മദ്യവില്‍പന കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമായി

ആലപ്പുഴ: ജനവാസ കേന്ദ്രമായ ചുങ്കത്ത് സര്‍ക്കാറിന്‍െറ മദ്യവില്‍പനശാല സ്ഥാപിച്ചതിന് എതിരെയുള്ള സമരം ശക്തമായി. നഗരത്തില്‍ തിരക്കേറിയ റോഡരികില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പന കേന്ദ്രമാണ് നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കെ ചുങ്കത്ത് സ്ഥാപിച്ചത്. തുടക്കംമുതല്‍ തന്നെ ജനങ്ങളും ജനപ്രതിനിധികളും മദ്യഷാപ്പിനെതിരെ സമരത്തിലാണ്. എന്നാല്‍, എതിര്‍പ്പുകള്‍ വകവെക്കാതെയാണ് അധികൃതര്‍ അവിടെ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയത്. വെള്ളിയാഴ്ച ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധം ശക്തമാക്കിയപ്പോള്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ശനിയാഴ്ചയാണ് അവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ-സാമുദായിക കക്ഷികളുടെ പങ്കാളിത്തത്തോടെ സമരസമിതിക്ക് രൂപംനല്‍കി. ചുങ്കത്തുനിന്ന് മദ്യശാല മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന് സമിതി അറിയിച്ചു. ചുങ്കം, മുല്ലക്കല്‍, തിരുമല, പള്ളാത്തുരുത്തി വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് സമിതിയുടെ പ്രവര്‍ത്തനം. ഫയര്‍ ഫോഴ്സിന്‍േറത് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് സമീപമാണ് ബിവറേജസ് കോര്‍പറേഷന്‍െറ മദ്യശാല. സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന നഗരത്തിലെ ഗ്രാമീണ റോഡ് കൂടിയാണ് ഇത്. മദ്യശാല വന്നതോടെ റോഡില്‍ തിരക്കേറുകയും വാഹന ഗതാഗതം തടസ്സമാകുന്നതരത്തില്‍ അലക്ഷ്യമായി പാര്‍ക്കിങ് ഉണ്ടാവുകയും ചെയ്തു. മാത്രമല്ല, സാമൂഹികവിരുദ്ധ ശല്യം വര്‍ധിക്കാനും ഇത് കാരണമാകുമെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സമരസമിതി ഭാരവാഹികളായി വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, മുക്കം ബേബി, ഇസ്മയില്‍ നാലുകെട്ട്, ലാല്‍ജി, ബി.എം. ഷാജി (രക്ഷ), ടി.എ. വാഹിദ് (ചെയര്‍), സുനീര്‍ ഇസ്മായില്‍, റിനാഷ് എസ്. മജീദ് (വൈസ് ചെയര്‍), ടോമിച്ചന്‍ ജോസഫ് (കണ്‍), ഇലയില്‍ സൈനുദ്ദീന്‍, നൂറുദ്ദീന്‍കോയ, സീനത്ത്, സുനിത, ഗോമതി (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. നേതാക്കളുടെ നേതൃത്വത്തില്‍ കല്ലുപാലത്തില്‍നിന്ന് ബിവറേജ് ഒൗട്ട്ലറ്റിലേക്ക് പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.