അരൂക്കുറ്റി ഗവ. ആശുപത്രി സായാഹ്ന ഒ.പിയും മോര്‍ച്ചറിയും ഫെബ്രുവരി ഒന്നുമുതല്‍

വടുതല: അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ സായാഹ്ന ഒ.പി ആരംഭിക്കുന്നു. കൂടാതെ നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന മോര്‍ച്ചറിയും പ്രവര്‍ത്തനം ആരംഭിക്കും. നിലവിലുള്ള മൂന്ന് ഡോക്ടര്‍മാരുടെകൂടെ രണ്ട് പുതിയ ഡോക്ടര്‍മാരെയും ഒരു നഴ്സിനെയും ജീവനക്കാരനെയുംകൂടി സായാഹ്ന ഒ.പിക്കും മോര്‍ച്ചറിക്കുമായി നിയമിക്കും. ദിവസേന വൈകുന്നേരം നാലുമുതല്‍ ഏഴുവരെ ആയിരിക്കും ഒ.പി പ്രവര്‍ത്തനം. ഫാര്‍മസിയുടെ പ്രവര്‍ത്തനവും ഉണ്ടാകും. മുന്‍ എം.പി ടി.എന്‍. സീമയുടെ ഫണ്ടില്‍നിന്ന് നിര്‍മിച്ച പോസ്റ്റ്മോര്‍ട്ടം ബ്ളോക്കും ഇതോടൊപ്പം പ്രവര്‍ത്തനം ആരംഭിക്കും. ജനറേറ്റര്‍ ഇല്ളെന്ന കാരണം പറഞ്ഞാണ് മോര്‍ച്ചറി ആരംഭിക്കാതിരുന്നത്. ജനറേറ്റര്‍ സ്ഥാപിക്കാനും നടപടി സ്വീകരിച്ചു.പോസ്റ്റ്മോര്‍ട്ടം ബ്ളോക്ക് പ്രവര്‍ത്തനം ആരംഭിച്ചാല്‍ അരൂര്‍, അരൂക്കുറ്റി, വടുതല, പെരുമ്പളം, പാണാവള്ളി, പൂച്ചാക്കല്‍ മേഖലകളിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും. അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സായാഹ്ന ഒ.പി നടത്തിയിരുന്നു. വൈകുന്നേരം ഏഴുവരെ ഒരു ഡോക്ടറുടെ സേവനം ഉണ്ടായിരുന്നപ്പോള്‍ നൂറോളം രോഗികള്‍ എത്തിയിരുന്നു. ഡോക്ടറുടെ ക്ഷാമത്തെ തുടര്‍ന്നാണ് അത് നിര്‍ത്തിയത്. തുടര്‍ന്ന് ഉച്ചക്ക് ഒന്നുവരെ മാത്രമായി ഒ.പി ചികിത്സ. കിടത്തിച്ചികിത്സയുള്ള രോഗികള്‍ക്ക് ഉച്ചക്കുശേഷമോ രാത്രിയിലോ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ ‘ഡോക്ടര്‍ ഓണ്‍ കോള്‍’ സൗകര്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.