സാമൂഹിക വളര്‍ച്ചയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പങ്ക് മഹത്തരം –ഗവര്‍ണര്‍

മൂവാറ്റുപുഴ: പ്രദേശത്തിന്‍െറ സാമൂഹിക വളര്‍ച്ചയില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പങ്ക് മഹത്തരമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫൈവ്സ്റ്റാര്‍ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ പ്രദേശത്തിന്‍െറ അക്ഷരവെളിച്ചമാണ്. ഇത് സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്‍െറ ബാധ്യതയാണ്. സമൂഹത്തിന്‍െറ തുറന്ന പിന്തുണയോടെയുള്ള വിദ്യാഭ്യാസമാണ് കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപകര്‍ഷതാബോധം ആവശ്യമില്ല. മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത് സര്‍ക്കാറിന്‍െറ മാത്രമല്ല, പൊതുസമൂഹത്തിന്‍െറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്മാരക കവാട ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. മുന്‍ഹെഡ്മാസ്റ്ററും ദേശീയ പുരസ്കാര ജേതാവുമായ പി.എസ്.കരുണാകരന്‍ നായരെ ഗവര്‍ണര്‍ ആദരിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം.എ.സഹീര്‍, കണ്‍വീനര്‍ പി.എച്ച്.സലീം, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.ആര്‍. അമ്മിണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.