നിരവധി തട്ടിപ്പുകേസുകളിലെ പ്രതി പൊലീസ് പിടിയില്‍

പെരുമ്പാവൂര്‍: സൗഹൃദം ഭാവിച്ച് ആളുകളുടെ വിശ്വാസം നേടിയശേഷം സ്വര്‍ണാഭരണങ്ങളും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ ഒരാളെ പൊലീസ് പിടികൂടി. ആലുവ എടയപ്പുറം പുന്നിലം കൈപ്പാലത്തില്‍ സത്യവാനെയാണ് (58) കുറുപ്പംപടി എസ്.ഐ പി.എം. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. എസ്.പിയുടെ സ്ക്വാഡിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരു സമാന തട്ടിപ്പിന് ശ്രമിക്കുമ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. കൊടുങ്ങല്ലൂരിലെ ശ്രീക്കുട്ടന്‍ എന്നയാളുടെ കൈവശത്തിലിരുന്ന മാരുതി എസ്റ്റീം കാര്‍ വിറ്റുതരാമെന്ന ഉടമ്പടിയില്‍ വാങ്ങിച്ച് പെരുമ്പാവൂര്‍ ഓടക്കാലിയിലെ ഇബ്രാഹിം എന്നയാള്‍ക്ക് 30,000 രൂപക്ക് കരാര്‍ എഴുതുകയും 20,000രൂപ അഡ്വാന്‍സ് വാങ്ങി മുങ്ങുകയുമായിരുന്നു. കൂടാതെ, വേങ്ങൂര്‍ ക്രാരിയേലിയില്‍ സഹോദരിയുടെ വീടിന് സമീപം താമസിച്ചിരുന്ന വിധവയുടെ രണ്ടുവളകള്‍ കബളിപ്പിച്ച് വാങ്ങിച്ച് കോതമംഗലത്തെ ഒരു ജ്വല്ലറിയില്‍ വിറ്റതായും പൊലീസ് പറഞ്ഞു. ഇവര്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. വേങ്ങൂരിലെ സുബ്രഹ്മണ്യന്‍ എന്നയാളുടെ ആപെ ട്രക്ക് വിറ്റുതരാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഒരു വര്‍ക്ക്ഷോപ് നടത്തുന്നയാള്‍ക്ക് മറിച്ചുവിറ്റ് പണം വാങ്ങിയും പ്രതി മുങ്ങിനടക്കുകയായിരുന്നു. ക്രാരിയേലിയില്‍തന്നെയുള്ള പലചരക്ക് കച്ചവടക്കാരന്‍െറ പക്കല്‍ നിന്നും 15,000 രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. കൂടാതെ, തിരുമ്മല്‍, ഉഴിച്ചില്‍ എന്നിവ ചെയ്ത് അസുഖം ഭേദമാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി നിരവധി തട്ടിപ്പുകള്‍ തൃപ്രയാര്‍, തൃശൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതി നടത്തിയെന്ന് സൂചനയുള്ളതായി പൊലീസ് വ്യക്തമാക്കി. നല്ല വേഷവിധാനങ്ങളും പെരുമാറ്റവും സരസമായി സംസാരിച്ച് മാന്യനാണെന്നും സമ്പന്നനാണെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പല തട്ടിപ്പിലും ഇരയായത് സ്ത്രീകളായതിനാല്‍ പരാതി പുറത്തുവരുന്നില്ളെന്നുള്ളത് ഇയാള്‍ക്ക് സഹായമാവുകയായിരുന്നു. അതിനാല്‍ ഇതുവരെ പൊലീസിന്‍െറ പിടിയില്‍ പെട്ടിരുന്നുമില്ല. എസ്.ഐയെ കൂടാതെ അഡീ. എസ്.ഐ പൗലോസ്, എസ്.ഐ ബേബി, എസ്.സി.പി.ഒമാരായ അബ്ദുല്‍ റസാഖ്, സെയ്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കുറുപ്പംപടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.